

സ്ഥിരമായി ഓംലെറ്റ് കഴിച്ച് ശരീര ഭാരം കുറയ്ക്കാന്‍ കഴിയുമോ? കഴിയുമെന്നാണ് കാവേരി എന്ന എക്‌സ് ഉപയോക്താവ് പറയുന്നത്. ഒരു വര്‍ഷത്തോളം പ്രഭാത ഭക്ഷണമായി ഓംലെറ്റ് കഴിച്ച് 22 കിലോ ഭാരം കുറച്ചുവെന്നാണ് കാവേരിയുടെ അവകാശ വാദം. പക്ഷെ ഓംലെറ്റ് കഴിച്ചാല്‍ വിശപ്പ് മാറുമോ എത്ര മുട്ടയാണ് ഓംലെറ്റിനായി എടുത്തിരുന്നത് എന്നെല്ലാമായിരുന്നു കാവേരിയുടെ പോസ്റ്റ് കണ്ട മറ്റുള്ളവരുടെ സംശയം. അതിനും കാവേരി മറുപടിയുമായെത്തി.
ഒരു മുട്ട മാത്രമാണ് ഓംലെറ്റ് ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നത് എന്നും സാവളയും കാപ്‌സിക്കവും കൂണും ചീരയുമെല്ലാം ഓംലെറ്റില്‍ ചേര്‍ത്തിരുന്നുവെന്നും കാവേരി പറയുന്നു. ആവശ്യമെങ്കില്‍ ഒരു മുട്ട കൂടി ദിവസത്തില്‍ മറ്റേതെങ്കിലും സമയത്ത് കഴിച്ചിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്.
നിത്യവും ഓംലെറ്റ് കഴിച്ച് ശരീരഭാരം കുറയ്ക്കുന്നത് ആരോഗ്യകരമല്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഭാരം കുറഞ്ഞേക്കാം, പക്ഷെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കാവേരി ഓംലെറ്റില്‍ പച്ചക്കറികള്‍ ചേര്‍ത്തിരുന്നതിനാല്‍ അത് മികച്ചൊരു ഭക്ഷണം തന്നെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രൊട്ടീന്‍ സമ്പുഷ്ടമായ മുട്ട ഭാരം കുറയ്ക്കാനുള്ള ഡയറ്റിനൊപ്പം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണെന്നും ചില ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നുണ്ട്. മുട്ട എന്നുപറയുന്നത് ഒരു സമ്പൂര്‍ണ പ്രോട്ടീന്‍ ഭക്ഷണമാണ്. അതില്‍ ഒമ്പത് അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.
വിറ്റമിനുകളുടെയും മിനറല്‍സിന്റെയും സ്രോതസ്സുകൂടിയാണ് ഇത്. ഓംലെറ്റ് രൂപത്തില്‍ മുട്ട കഴിക്കുന്നത് വയറുനിറഞ്ഞ അനുഭവം പ്രദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയും. കാര്‍ബ്‌സ് അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുന്നവരേക്കാള്‍ കുറവ് കാലറിയാണ് ഉച്ചയൂണ് സമയത്തും മുട്ട പ്രഭാതഭക്ഷണമാക്കുന്നവര്‍ കഴിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

കാവേരിയുടേത് പോലെ ഓംലെറ്റില്‍ കാപ്‌സിക്കം, ചീര, സവാള എന്നിവ ചേര്‍ക്കുന്നത് അതിന്റെ പോഷകമൂല്യം ഉയര്‍ത്തുകയും പൂര്‍ണതൃപ്തി നല്‍കുകയും ചെയ്യും. മുട്ട നല്ലതാണെന്ന് കരുതി അത് കൂടുതല്‍ കഴിക്കുന്നതും ദോഷം ചെയ്യും. ഇതെല്ലാം ഒരു ന്യൂട്രഷ്യനിസ്റ്റിന്റെ സഹായത്തോടെ മാത്രം ചെയ്യണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
ഭാരം കുറയ്ക്കാന്‍ ഇതൊരു സുരക്ഷിതമായ പ്രഭാത ഭക്ഷണമോ?
ഭാരം കുറയ്ക്കാനുള്ള ഒരു മാതൃകാ ഭക്ഷണമായി കാവേരിയുടെ ശീലത്തെ കാണാനാവില്ല. ഒരോ വ്യക്തിയുടെ ശരീരവും അതിനാവശ്യമായ പോഷകങ്ങളുടെ അളവും വ്യത്യസ്തമാണ്. അതിനാല് ഒരു മികച്ച ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായത്തോടെ മാത്രം ഡയറ്റ് ക്രമീകരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് അസുഖങ്ങളുള്ളവരും പതിവായി മരുന്ന് കഴിക്കുന്നവരും.
Content Highlights: Woman reveals she lost 22 kg in 1 year by eating omelet daily for breakfast