
നിങ്ങളില്‍ പലര്‍ക്കും നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാകാറുണ്ട് അല്ലേ. ദഹനക്കുറവിന്റെ പ്രശ്‌നമാണെന്നോ എന്തെങ്കിലും കഴിച്ചതിന്റെ പ്രശ്‌നമാണെന്നോ കരുതി പലരും ഇതിനെ തള്ളിക്കളയാറാണ് പതിവ്. ഇടയ്ക്കിടെയുണ്ടാകുന്ന നെഞ്ചെരിച്ചില്‍ അപകടകരമല്ലെന്ന് തോന്നുമെങ്കിലും അത് സൂക്ഷിക്കേണ്ട കാര്യമാണ്. നെഞ്ചെരിച്ചിലും അന്നനാള കാന്‍സറുമായി ബന്ധമുണ്ടെന്ന് പറയുകയാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്.
തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍ അന്നനാള കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് (GERD) ഉം കാന്‍സറും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു. ആമാശയത്തെ തൊണ്ടയുമായി (ശ്വാസനാളം) ബന്ധിപ്പിക്കുന്ന പേശി ട്യൂബായ അന്നനാളത്തിലേക്ക് ആസിഡ് കയറുന്ന ഒരു ദീര്‍ഘകാല അവസ്ഥയാണ് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് (GERD).
GERD യുമായി ബന്ധപ്പെട്ട അന്നനാള കാന്‍സറുകള്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് ഡോ. ജോസഫ് ചൂണ്ടിക്കാണിക്കുന്നു. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ഉള്ളവര്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. കാലങ്ങളായി അന്നനാളത്തില്‍ ആസിഡ് എക്‌സ്‌പോഷര്‍ ഉണ്ടാകുന്നത് അന്നനാളത്തിന് കേടുപാടുകള്‍ വരുത്തുകയും Barretts's esophagus എന്ന കാന്‍സറിന് മുന്‍പുള്ള അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് അന്നനാള കാന്‍സറായി മാറും.
അന്നനാള കാന്‍സറിന്റെ ലക്ഷണങ്ങള്‍
1 ഡിസ്ഫാഗിയ അല്ലെങ്കില്‍ വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
2 ശരീരഭാരം കുറയുക
3 ആവര്‍ത്തിച്ചുള്ള നെഞ്ചുവേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം
4 ആവര്‍ത്തിച്ചുളള ചുമയും തൊണ്ടവേദനയും
5 ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങിപോവുക
6 കാലക്രമേണ വഷളാകുന്ന ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍
അന്നനാള കാന്‍സറിന് സാധ്യത കൂടുതലുള്ളവര്‍
1 പുരുഷന്മാരിലാണ് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലുള്ളത്
2 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍
3 അമിതവണ്ണമുളളവര്‍
4 പുകവലി ശീലമുളളവര്‍
5 പാരമ്പര്യം
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Warning: Heartburn could be a sign of esophageal cancer