സനാതന ധർമ്മ സംഗമം നടത്തി ജയ്ശ്രീറാം വിളിച്ചാലും പിണറായിയെ ഹിന്ദു വിശ്വാസികൾ വിശ്വസിക്കില്ല: എപി അബ്ദുള്ളകുട്ടി

'മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം'

സനാതന ധർമ്മ സംഗമം നടത്തി ജയ്ശ്രീറാം വിളിച്ചാലും പിണറായിയെ ഹിന്ദു വിശ്വാസികൾ വിശ്വസിക്കില്ല: എപി അബ്ദുള്ളകുട്ടി
dot image

മലപ്പുറം: ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. അത് നടക്കാന്‍ പോകുന്നില്ല. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി വിജയന്‍ നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയതെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്തായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ഇനി ശരണമയ്യപ്പാ എന്ന് പിണറായി വിളിച്ചിട്ടും കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പിണറായി വിജയന്റെ മുസ്‌ലിം പ്രീണനം കൊണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കിയാണ് തന്റെ അവസാന അടവ് എന്ന നിലയില്‍ പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നത്. 'മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം' എന്നായിരുന്നു അബ്ദുള്ളക്കുട്ടി ചോദിച്ചത്. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതിനിടെ ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. സിപിഐഎം വര്‍ഗീയവാദികള്‍ക്കൊപ്പമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമാണ്. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ നടന്ന യുവതി പ്രവേശനമാണ് പ്രധാന വിമര്‍ശന വിഷയം. യുവതി പ്രവേശനത്തെ പിന്തുണച്ച സര്‍ക്കാരിന് അയ്യപ്പ സംഗമം നടത്താന്‍ അര്‍ഹതയില്ലെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇതിന് പുറമേ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നടനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരെ ക്ഷണിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സനാതനധര്‍മ്മത്തിനെതിരെ നിലകൊണ്ട ഉദയനിധി സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാടിന്റെ പങ്കാളിത്തം അനിവാര്യമെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.

മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയുള്ള സംഘാടകസമിതിയാണ് ആഗോള അയ്യപ്പ സംഗമത്തിന് ഉള്ളത്. പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ആണ് പണം കണ്ടെത്തുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. ഏകദേശം മൂന്ന്, നാല് കോടി രൂപയാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ വികസനത്തില്‍ താത്പര്യമുള്ള ശബരിമലയില്‍ നിരന്തരം എത്തുന്നവര്‍ എന്നതാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നത്. ആകെ 3,000 പേരെയാണ് സംഗമത്തില്‍ പ്രതീക്ഷിക്കുന്നതെന്നും പി പ്രശാന്ത് വ്യക്തമാക്കി. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 750 പേരും കേരളത്തില്‍ നിന്ന് 800 പേരും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ നിന്ന് 500 പേരും വിദേശത്തുനിന്ന് 500 പേര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേര്‍ പങ്കെടുക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

Content Highlights- A P Abdullakutty against cm pinarayi vijayan over global ayyappa sangamam

dot image
To advertise here,contact us
dot image