
ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ആരോഗ്യം മുഴുവന്‍ താളംതെറ്റും അല്ലേ? ചില ആളുകള്‍ ഉറങ്ങാന്‍ സാധിക്കാത്തതിനെക്കുറിച്ചും ഉണര്‍ന്നാല്‍ പിന്നെ ഉറങ്ങാന്‍ പാടുപെടുന്നതിനെക്കുറിച്ചും ഒക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്. ഒന്ന് കണ്ണടയ്ക്കാന്‍ പറ്റാതെ വിഷമിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഉറങ്ങാനുള്ള വഴികള്‍ പറഞ്ഞുതരികയാണ് ന്യൂറോ സര്‍ജനായ ഡോ. ബ്രയാന്‍ ഹോഫ്‌ളിംഗര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലാണ് ഇദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
ഉറക്കക്കുറവ് വൈകാരിക നിയന്ത്രണത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, ദേഷ്യത്തിന് കാരണമാകുന്നതിനെക്കുറിച്ചും ഡോ.ഹോഫ്‌ളിംഗര്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
ഒരുരാത്രി ഉറങ്ങാതിരിക്കുകയോ ഉറക്കത്തിന് തടസം നേരിടുകയോ ചെയ്താല്‍ അടുത്ത ദിവസം അസ്വസ്ഥത ഉണ്ടാവുകയും വൈകാരികമായി ദുര്‍ബലമാകുകയും ദേഷ്യം വരികയും ചെയ്യും.
ഇതിന് കാരണം എന്താണെന്ന് ഗവേഷണം തെളിയിച്ചിട്ടുണ്ട്. നമ്മുടെ തലച്ചോറില്‍ അമിഗ്ഡാല എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്. അതാണ് തലച്ചോറില്‍ വൈകാരിക കാര്യങ്ങളെ നിയന്ത്രിക്കുന്ന ഭാഗം. ഉറക്കം നന്നായി ലഭിച്ചില്ലെങ്കില്‍ അമിഗ്ഡാല കാര്യങ്ങളോട് അമിതമായി പ്രതികരിക്കാന്‍ തയ്യാറാകും.
ഉറക്കക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും മൂന്ന് പ്രതിവിധികളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ഒന്നാമതായി ക്ഷീണം ഇല്ലാതാക്കാന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. അതിന് ആവശ്യത്തിന് വെള്ളം കുടിക്കണം. രണ്ടാമതായി വായുസഞ്ചാരമുള്ള ഒരു മുറി ഉറങ്ങാനായി കണ്ടുപിടിക്കേണ്ടതുണ്ട്. മൂന്നാമതായി ഇടസമയങ്ങളിലൊക്കെ ഉറങ്ങാന്‍ ശ്രമിക്കാതെ കൃത്യമായ ഒരു സമയത്ത് ഉറങ്ങാന്‍ ശീലിക്കുന്നത് മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇതാണ് ഡോ. ബ്രയാന്റെ അഭിപ്രായം.
Content Highlights :Neurosurgeon Dr. Brian Hoflinger shares tips for getting better sleep