
പതിനെട്ട് വര്‍ഷമായി കുഞ്ഞുങ്ങളില്ലാതെ വിഷമം അനുഭവിച്ച ദമ്പതികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്. ഏസോസ്‌പെര്‍മിയ എന്ന അവസ്ഥ മൂലം ഐവിഎഫ് ചികിത്സ നടത്തിയിട്ടും കുട്ടികള്‍ ഇല്ലാതിരുന്ന ദമ്പതികളാണ് ഇപ്പോള്‍ മാതാപിതാക്കളാവാന്‍ ഒരുങ്ങുന്നത്. പുരുഷ പങ്കാളിയുടെ സെമനില്‍ മതിയായ രീതിയില്‍ ബീജത്തിന്റെ സാന്നിധ്യമില്ലാത്ത അവസ്ഥയാണ് ഏസോസ്‌പെര്‍മിയ.
സ്‌പേം ട്രാക്കിങ് ആന്‍ഡ് റിക്കവറി(STAR) എന്ന രീതിയിലൂടെയാണ് ഗവേഷകര്‍ ദമ്പതികള്‍ക്ക് ആശ്വാസമായിരിക്കുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റി ഫെര്‍ട്ടിലിറ്റി സെന്ററിലാണ് പുത്തന്‍ രീതി പരീക്ഷിച്ചത്. ഇവിടുത്തെ ഗവേഷകര്‍ പുരുഷന്റെ സെമന്‍ സാമ്പിള്‍ ശേഖരിച്ച് എഐ മൂലം പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ സഹായത്തോടെ, മറഞ്ഞിരിക്കുന്ന ബീജത്തെ കണ്ടെത്തി. ഈ ബീജത്തെ, ഇയാളുടെ ഭാര്യയുടെ അണ്ഡവുമായി ഐവിഎഫ് വഴി ബീജ സങ്കലനം നടത്തുകയാണ് ചെയ്തത്. STAR രീതി വഴി ആദ്യമായി ഗര്‍ഭിണിയായ വ്യക്തിയാണ് ഇപ്പോള്‍ അമ്മയാവാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ഏറ്റവും 'പ്രായമുള്ള' കുഞ്ഞെന്ന റെക്കോര്‍ഡ് നേടിയ ആണ്‍കുഞ്ഞിന്റെ ജനനം. മുപ്പത് വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നായിരുന്നു തദ്ദേയസ് ഡാനിയല്‍ പീയേഴ്‌സ് എന്ന കുഞ്ഞിന്റെ ജനനം. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യയായ STARനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുന്നത്. ബീജത്തിന്റെ സാന്നിധ്യമാത്ത അവസ്ഥ മൂലം കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന നിരവധി ദമ്പതിമാര്‍ക്കാണ് പുത്തന്‍ രീതി പ്രതീക്ഷ നല്‍കുന്നത്.
Content Highlights: AI helps couple to conceive