താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍, സമവായത്തിന് ശ്രമം

സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു

dot image

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന പോരിനിടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. രാജ്ഭവനിലെത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ അനുനയത്തിന് വഴങ്ങുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്.

സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കത്തില്‍ വി സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും പി രാജീവിനെയും ചുമതലപ്പെടുത്തിയിരുന്നു. ഡോ. സിസാ തോമസിനെയും ഡോ. കെ ശിവപ്രസാദിനെയും വൈസ് ചാന്‍സലറുമായി അംഗീകരിക്കാനേ കഴിയില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ ഭാഗമായാണ് സുപ്രീം കോടതിയില്‍ ഉപഹര്‍ജി നല്‍കാനുള്ള തീരുമാനം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടന്നതെന്ന് കോടതിയെ അറിയിക്കുന്ന സര്‍ക്കാര്‍ നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും.

സര്‍ക്കാര്‍ ഏത് തരത്തിലുള്ള സമ്മര്‍ദ്ദം ചെലുത്തിയാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഗവര്‍ണറുടെ തീരുമാനം. സിസ തോമസിന്റെയും ശിവ പ്രസാദിന്റെയും കാര്യത്തില്‍ ചര്‍ച്ചക്ക് പോലും തയ്യാറല്ലെന്നാണ് രാജ്ഭവന്റെ നിലപാടെന്നാണ് അറിയാന്‍ കഴിയുന്നത്.

Content Highlights: Ministers P Rajeev and R Bindhu Meets Governor at raj bhavan

dot image
To advertise here,contact us
dot image