കാത്തിരുന്നത് തലൈവരെ കാണാൻ, പക്ഷെ ട്രെയ്‌ലറിൽ ഞെട്ടിച്ചത് മറ്റൊരാൾ; സോഷ്യൽ മീഡിയ തൂക്കി നാഗാർജുന

ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് നാഗാർജുന എത്തുന്നത്

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ഇന്നലെ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലോകേഷ് സ്റ്റൈലിലുള്ള ഒരു പക്കാ ആക്ഷൻ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇപ്പോഴിതാ ട്രെയ്‌ലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ നാഗാർജുനയെക്കുറിച്ചാണ്.

ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് നാഗാർജുന എത്തുന്നത്. ക്രൂരനായ ഒരു കഥാപാത്രമാകും നാഗാർജുനയുടേത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. നടന്റെ വോയിസ് ഓവറിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. നടന്റെ ലുക്കും ചർച്ചയാകുന്നുണ്ട്. രജനിക്കൊത്ത വില്ലൻ തന്നെയാകും നാഗാർജുന എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. രജനികാന്തിനെക്കാൾ താൻ കൺവിൻസ് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാർജുനയെ ആണെന്നും അദ്ദേഹത്തിന്റെ 40 വർഷത്തെ കരിയറിൽ ഇതുവരെ വില്ലൻ വേഷം ചെയ്തിട്ടില്ലെന്നും ലോകേഷ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'തിരക്കഥയിൽ എന്തെങ്കിലും അസഭ്യമായ വാക്കുകൾ വരുമ്പോൾ അദ്ദേഹം എന്നെ നോക്കി 40 വർഷത്തെ കരിയറിൽ ഇത്തരം വാക്കുകൾ പറഞ്ഞിട്ടില്ലെന്ന് പറയും. സാറിന്റെ കുടുംബം ഈ സിനിമ കണ്ടിട്ട് എന്താകും പറയുക എന്ന് ഞാൻ ഒരിക്കൽ നാഗ് സാറിനോട് ചോദിച്ചു. എനിക്കറിയില്ല കാത്തിരുന്നു കാണാം എന്നാണ് അദ്ദേഹം പറഞ്ഞത്', ലോകേഷ് പറഞ്ഞു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Nagarjuna shines in Coolie trailer

dot image
To advertise here,contact us
dot image