
ഓഫീസിലെ ഇടവേളയില്‍ ഒരു ചായ കുടിക്കാനും റിലാക്‌സ് ചെയ്യാനും പുറത്തെ ചായക്കടയിലേക്ക് നടക്കുമ്പോള്‍ ചായ കുടിക്കണമെന്ന് മാത്രമാകില്ല മനസില്‍. ഒരു സിഗരറ്റ് കൂടി വലിക്കാനുള്ള ത്വരയുണ്ടാകും പലര്‍ക്കും. നല്ല കടുപ്പമുള്ള ചൂട് ചായയോടൊപ്പം സിഗരറ്റും പുകച്ച് നിര്‍വൃതി കൊള്ളുന്നവരെല്ലാം ഇക്കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ചൂട് ചായയും സിഗരറ്റും എന്ന ജോഡി നിശബ്ദമായി നിങ്ങളുടെ ശരീരത്തില്‍ നാശം വിതയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2023 ല്‍ ' അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍' പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പുകവലിക്കുന്നതിനൊപ്പം ചൂട് ചായ കുടിക്കുന്നത് പലതരം കാന്‍സറുകള്‍ ഉള്‍പ്പടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പറയുന്നു. കാരണം ചൂടുള്ള പാനിയങ്ങള്‍ മൃദുവായ ആന്തരിക കലകളെ നശിപ്പിക്കും. മാത്രമല്ല സിഗരറ്റുകളിലെ കാര്‍സിനോജനുകളും ഇതുമായി ചേരുമ്പോള്‍ അപകട സാധ്യത കൂടുതലാകുന്നു.
സിഗരറ്റിന്റെയും ചായയുടെയും സംയോജനം ഉണ്ടാക്കുന്ന രോഗങ്ങള്‍ ഇവയൊക്കെയാണ്.
അന്നനാള കാന്‍സര്‍
ചൂടുള്ള ചായ മാത്രം കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക പാളിയില്‍ ചെറിയ പരിക്കുകള്‍ ഉണ്ടാക്കും. എന്നാല്‍ വിഷ രാസവസ്തുക്കളും അര്‍ബുദകാരികളും അടങ്ങിയ സിഗരറ്റ് പുക കൂടി ഇതിനൊപ്പം ചേരുമ്പോള്‍ അന്നനാള കാന്‍സറിനുള്ള സാധ്യത പതിന്മടങ്ങ് വര്‍ധിക്കുന്നു. ഇത് നിരന്തരമായ പ്രക്രീയയായി മാറുമ്പോള്‍ അന്നനാളത്തില്‍ കാന്‍സറിലേക്ക് നയിച്ചേക്കാവുന്ന കോശ മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നു.
ശ്വാസകോശ അര്‍ബുദം
സിഗരറ്റ് വലിയുമായി ബന്ധപ്പെട്ട ഏറ്റവും മാരകമായ രോഗങ്ങളിലൊന്നാണ് ശ്വാസകോശ അര്‍ബുദം. സിഗരറ്റിനൊപ്പം പതിവായി ചൂട് ചായ കുടിക്കുമ്പോള്‍ അത് ശ്വസകോശ കലകള്‍ക്ക് വീക്കം ഉണ്ടാക്കാന്‍ കാരണമാകും. സ്ഥിരമായി പുകവലിക്കുന്നവരാണെങ്കില്‍ കോശങ്ങളില്‍ മുറിവുകള്‍, ക്യാന്‍സര്‍ കലകളുടെ വികസനം എന്നിവയൊക്കെ സംഭവിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ കാലം കടന്നുപോകുമ്പോള്‍ ശ്വാസകോശ കാന്‍സറിനുളള സാധ്യത വര്‍ധിക്കും.
തൊണ്ടയിലെ കാന്‍സര്‍
തൊണ്ട വളരെ സെന്‍സിറ്റീവായ ഭാഗമായതുകൊണ്ടുതന്നെ പുകവലിക്കുമ്പോള്‍ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ തൊണ്ടയിലേക്ക് കടന്നുചെല്ലുന്നു. ഇതോടൊപ്പം ചൂടുള്ള ചായ കൂടിയാകുമ്പോള്‍ അത് കലകളെ കൂടുതല്‍ നശിപ്പിക്കും. മാത്രമല്ല ഇവ വിട്ടുമാറാത്ത വീക്കത്തിനും ശബ്ദമാറ്റത്തിനും കാരണമാകുകയും കാലങ്ങള്‍ ചെല്ലുമ്പോള്‍ തൊണ്ടിയലെ കാന്‍സറിന് കാരണമാകുകയും ചെയ്യും.
ഹൃദ്‌രോഗം
പുകയിലയിലെ നിക്കോട്ടിന്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ധിപ്പിക്കുന്നു. അതേസമയം ചായയിലെ കഫീനും അമിതമാകുമ്പോള്‍ ഇത് ഹൃദയത്തില്‍ അമിത സമ്മര്‍ദ്ദത്തിനും ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും.
വന്ധ്യതയും ബലഹീനതയും
പുകവലി ഹോര്‍മോണുകളുടെ അളവ്, ബീജങ്ങളുടെ എണ്ണം, രക്തയോട്ടം എന്നിവയെ ബാധിക്കുന്നു. പുകവലി പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വന്ധ്യതയ്ക്കും ലൈംഗിക ശേഷിക്കുറവിനും കാരണമാകും. ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്ന കഫീനുമായി ചായ സംയോജിക്കുമ്പോള്‍, പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാകുന്നതാണ് ഇതിന് കാരണം.
ഓര്‍മ്മക്കുറവ്
പുകവലി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ഓര്‍മ്മയേയും ബുദ്ധിയേയും ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ചായ അമിതമായി കുടിക്കുമ്പോള്‍( പ്രത്യേകിച്ച് സിഗരറ്റിനൊപ്പം ഒഴിഞ്ഞ വയറ്റില്‍) തലവേദന, തലകറക്കം, ഓര്‍മ്മക്കുറവ് എന്നിവയ്ക്ക് കാരണമാകും.
പക്ഷാഘാത സാധ്യത
നിക്കോട്ടിന്‍, കഫീന്‍ എന്നിവ രണ്ടും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇവ ഒരുമിച്ചാല്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ഇത് ധമനികളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് തടയുകയും പക്ഷാഘാതത്തിന് കാരണമാവുകയും ചെയ്യും. രക്താതിമര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ഇവയുടെ സംയോജിത ഫലം പ്രത്യേകിച്ച് അപകടകരമാണ്. ഇത് പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഗുരുതരമാക്കുകയും ചെയ്യുന്നു.
(ഈ ലേഖനം വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Smoking cigarettes with hot tea can cause serious health problems, says a report published in 2023