
തലച്ചോറിലും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഞരമ്പുകള്‍ക്ക് (പെരിഫറല്‍ നാഡികള്‍) കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് പെരിഫറല്‍ ന്യൂറോപ്പതി സംഭവിക്കുന്നത്. ഈ അവസ്ഥ പലപ്പോഴും ബലഹീനതയ്ക്കും മരവിപ്പിനും വേദനയ്ക്കും കാരണമാകുന്നു. പ്രത്യേകിച്ച് കൈകളിലും കാലുകളിലും. ദഹനം, മൂത്രമൊഴിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളെയും ശരീരത്തിന്റെ മറ്റ് പല പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചേക്കാം.
പരിക്കുകള്‍, അണുബാധകള്‍, ഉപാപചയ പ്രശ്‌നങ്ങള്‍, പാരമ്പര്യമായ കാരണങ്ങള്‍, വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പുലര്‍ത്തല്‍ എന്നിവയില്‍നിന്ന് നാഡികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ന്യൂറോപ്പതിയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്രമേഹം.
ലക്ഷണങ്ങള്‍
കാലുകളിലോ കൈകളിലോ മരവിപ്പ്, കുത്തല്‍, ഇക്കിളി എന്നിവ ഉണ്ടാവുക. ഈ സംവേദനങ്ങള്‍ കാലുകളിലേക്കും കൈകളിലേക്കും മുകളിലേക്കും പടര്‍ന്നേക്കാം. കാലുകളില്‍ ഭാരം വയ്ക്കുമ്പോഴുള്ളതുപോലുള്ള വേദന, പ്രവൃത്തികള്‍ ചെയ്യുമ്പോഴുള്ള വേദന, പേശി ബലഹീനത. മോട്ടോര്‍ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ചലിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാവുക ഇവയൊക്കെ ലക്ഷണങ്ങളാണ്. ഓടോണോമിക് നാഡികളെ ബാധിച്ചാല്‍ ചൂട്, അമിതമായ വിയര്‍പ്പ്, രക്തസമ്മര്‍ദ്ദം കുറയുക, തലകറക്കം ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങള്‍ സംഭവിക്കാം.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍
കൈകാലുകളില്‍ അസാധാരണമായ ബലഹീനതയോ മരവിപ്പോ വേദനയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടേണ്ടതാണ്. നേരത്തെയുളള രോഗനിര്‍ണയവും ചികിത്സയും ലക്ഷണങ്ങളെ നിയന്ത്രിക്കുകയും നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
രോഗ നിര്‍ണയം
ശാരീരിക പരിശോധന, രക്ത പരിശോധന, നാഡീവ്യൂഹങ്ങളുടെ പഠനം എന്നിവ രോഗനിര്‍ണയത്തിന് ആവശ്യമായി വന്നേക്കാം. നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും വേണ്ടിവന്നേക്കാം. രോഗത്തിന്റെ നിര്‍ണയവും തീവ്രതയും അനുസരിച്ച് ചികിത്സകള്‍ നടത്തേണ്ടതാണ്.
Content Highlights :If you have numbness and tingling in your hands and feet, you should be careful. This can be considered as some of the symptoms associated with peripheral neuropathy