മരണത്തിന് മുന്‍പ് ഒരു വ്യക്തി പ്രകടിപ്പിക്കുന്ന ' ടെര്‍മിനല്‍ ലുസിഡിറ്റി' എന്ന അവസ്ഥ എന്താണ് ?

ടെര്‍മിനല്‍ ലുസിഡിറ്റിയുടെ കാരണങ്ങള്‍, ലക്ഷണങ്ങള്‍ ഇവയൊക്കെ എന്താണെന്നറിയാം

dot image

മരണം നിശ്ചയമായും എല്ലാജീവജാലങ്ങളിലും സംഭവിക്കുന്ന വലിയൊരു സത്യമാണ്. പ്രിയപ്പെട്ട ഒരാള്‍ അന്ത്യശ്വാസം വലിക്കുന്നത് കാണുന്നതോ ആരെങ്കിലും തന്റെ ശരീരം ഉപേക്ഷിച്ച് പോകുന്നത് കാണുന്നതോ വേദനാജനകമാണ്. വികാരങ്ങളുടെ ഒരു ചുഴലിക്കാറ്റായിരിക്കും അപ്പോള്‍ മനുഷ്യമനസുകളില്‍ സംഭവിക്കുന്നത്.ദീര്‍ഘകാല രോഗങ്ങളുടെ കാര്യത്തില്‍ മരണം സാവധാനമായിരിക്കും ഉണ്ടാവുക. മരണത്തോട് അടുക്കുന്ന ആളുകള്‍ക്ക് ഭയം, സങ്കടം, ശരീരത്തില്‍നിന്നും മനസില്‍നിന്നും ആഴത്തിലുളള വേര്‍പിരിയല്‍ എന്നിവയെല്ലാം അനുഭവപ്പെടുന്നു.

എന്നാല്‍ മരിക്കുന്നതിന് മുന്‍പുളള അവസാന മണിക്കൂറുകളിലോ ദിവസങ്ങളിലോ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചതായി പലരും പറയാറുണ്ട്. അബോധാവസ്ഥയുമായോ ഓര്‍മ്മക്കുറവുമായോ കഷ്ടിച്ച് ജീവിച്ചിരിക്കുന്നു എന്നുപറയുന്ന ഒരാള്‍ പെട്ടെന്ന് ജാഗ്രത പുലര്‍ത്തുകയും സംസാരിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യുന്നതായിട്ടാണ് പലരും പറഞ്ഞിട്ടുള്ളത്. എന്താണ് ഈ അവസ്ഥ എന്ന് ചിന്തിട്ടിട്ടുണ്ടോ? ടെര്‍മിനല്‍ ലുസിഡിറ്റി എന്ന അവസ്ഥയാണിത്.

എന്താണ് ടെര്‍മിനല്‍ ലുസിഡിറ്റി

കുറേ കാലങ്ങളായി ഗുരുതര രോഗബാധിതനായ ഒരാള്‍ക്ക് മരണത്തിന് തൊട്ടുമുന്‍പ് പെട്ടെന്ന് മാനസിക വ്യക്തതയും ബോധവും തിരിച്ചുവരുന്ന അവസ്ഥയാണ് ടെര്‍മിനല്‍ ലുസിഡിറ്റി. ഇത് ചിലപ്പോള്‍ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് അല്ലെങ്കില്‍ മണിക്കൂറുകള്‍ മുന്‍പ് സംഭവിക്കാറുണ്ട്. ആ സാഹചര്യത്തില്‍ വ്യക്തി അമിതമായി സജീവമായി പ്രവര്‍ത്തിക്കുകയും, ജോലിചെയ്യുകയും, വ്യക്തമായി സംസാരിക്കുകയും, കുടുംബാംഗങ്ങളെ തിരിച്ചറിയുകയും അവരുമായി സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. മറന്നുപോയ ആളുകളെ ഓര്‍ത്തെടുക്കുക, മുന്‍കാല അനുഭവങ്ങള്‍ ഓര്‍മിക്കുക എന്നിവയും ഇതില്‍പ്പെടും.

അല്‍ഷിമേഴ്സ് അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ മരണത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് ഓര്‍മ്മകളും വ്യക്തിത്വങ്ങളും വീണ്ടെടുക്കുന്നത് ഗവേഷകരും, രോഗികളെ പരിചരിക്കുന്നവരും കുടുംബാംഗങ്ങളും അത്ഭുതത്തോടെ കണ്ടിട്ടുള്ള കാര്യമാണ്. പ്രിയപ്പെട്ടവര്‍ക്ക് ഇത് രോഗിയുടെ ജീവിതത്തിലേക്കുള്ള ഒരു രണ്ടാം വരവായി തോന്നിയേക്കാം. ന്യൂയോര്‍ക്കിലെ ബഫല്ലോയിലുള്ള സെന്റര്‍ ഫോര്‍ ഹോസ്പിസ് ആന്‍ഡ് പാലിയേറ്റീവ് കെയറിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ക്രിസ്റ്റഫര്‍ കെര്‍, നൂറുകണക്കിന് മാരക രോഗികളായ ആളുകളുടെ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു.

ഈ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രം

ടെര്‍മിനല്‍ ലുസിഡിറ്റി ഒരു ഔദ്യോഗിക രോഗനിര്‍ണയമല്ല. മരണത്തോട് അടുക്കുന്ന എല്ലാവര്‍ക്കും ഇത് അനുഭവപ്പെടണമെന്നില്ല. പക്ഷേ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി അനുമാനങ്ങളും വാദങ്ങളും ഉണ്ട്. ശരീരം പ്രവര്‍ത്തനരഹിതമാകുമ്പോള്‍ തലച്ചോറിലേയും ശരീരത്തിലെയും രാസവസ്തുക്കള്‍ മാറ്റത്തിന് വിധേയമാകുന്നുവെന്ന് പറയപ്പെടുന്നു. അതിനാല്‍ ചില ഗവേഷകര്‍ വിശ്വസിക്കുന്നത് തലച്ചോറിന്റെ ചില ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ താല്‍ക്കാലിക വര്‍ധനവ് ഉണ്ടാകുമെന്നാണ്. ഇത് വ്യക്തിയെ ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് പൂര്‍ണമായി ബോധവാന്മാരാക്കുകയും സജീവമാക്കുകയും ചെയ്യും. അവസാന നിമിഷങ്ങളില്‍ ശരീരം ഒരുതരം അതിജീവന രീതിയിലേക്ക് പോകുന്നുവെന്നും അത് ഒരു താല്‍ക്കാലിക ഉണര്‍വ്വ് സജീവമാക്കുകയും ചെയ്യുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

Content Highlights: What is 'terminal lucidity', a state that a person exhibits before death? Let's know what are the causes and symptoms of terminal lucidity

dot image
To advertise here,contact us
dot image