
കൈകാല്‍ കഴപ്പ്, സന്ധിവേദന..കാത്സ്യക്കുറവാണോ എന്ന് സംശയം..എങ്കില്‍പ്പിന്നെ കാത്സ്യം സപ്ലിമെന്‍റ് കഴിച്ചുകളയാം എന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍. കാത്സ്യം ഗുളികകള്‍ കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നുകരുതി കാത്സ്യം ഗുളിക സ്വന്തം ഇഷ്ടപ്രകാരം കഴിക്കാനാകില്ല. കാല്‍സ്യം സപ്ലിമെന്റുകളുടെ കാര്യത്തില്‍ അത് കഴിക്കുന്ന സമയം വളരെ പ്രധാനമാണ്.
കാത്സ്യം ഒരു പോഷക പദാര്‍ഥമാണ്. ശരീരത്തിന് ഒരേസമയം 500-600 മില്ലിഗ്രാമില്‍ കൂടുതല്‍ കാത്സ്യം ആഗീരണം ചെയ്യാന്‍ കഴിയില്ല. ശരീരത്തിന് ഏത് സമയത്തും കാത്സ്യം ആഗീരണം ചെയ്യാനുള്ള ശേഷി പരിമിതമാണ്. കാത്സ്യം വലിയ അളവില്‍ ഒരേ സമയം കഴിക്കുന്നത് ദഹിക്കാത്ത കാത്സ്യം ദഹനവ്യവസ്ഥയിലൂടെ ആഗിരണം ചെയ്യപ്പെടാതെ കടന്നുപോകാന്‍ ഇടയാക്കും. ദിവസേന ഉള്ള ഡോസ് രാവിലെയും വൈകുന്നേരവും പോലെയുള്ള ചെറിയ ഭാഗങ്ങളായി വിഭജിക്കുന്നത് കാത്സ്യം ആഗിരണം മെച്ചപ്പെടുത്തും.
ധാരാളം ആളുകള്‍ പ്രഭാത ഭക്ഷണത്തോടൊപ്പം കാത്സ്യം സപ്ലിമെന്റുകള്‍ കഴിക്കാറുണ്ട്. പ്രത്യേകിച്ച് കാത്സ്യം ഉള്‍പ്പെടുന്ന മള്‍ട്ടി വിറ്റാമിനുകള്‍. എന്നാല്‍ ആ പ്രഭാത സമയം എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കില്ല. കാത്സ്യം മറ്റ് പോഷകങ്ങളുമായി - പ്രത്യേകിച്ച് ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം ആഗീരണം ചെയ്യാന്‍ മത്സരിക്കുന്നു. രാവിലെ കുടിക്കുന്ന ഒരു കപ്പ് കാപ്പിയോ മള്‍ട്ടി മിനറല്‍ ടാബ്‌ലറ്റോ ഒക്കെ കാത്സ്യം ആഗിരണം കുറയ്ക്കും. അതുകൊണ്ട് രാവിലെ കാത്സ്യം കഴിക്കേണ്ടിവന്നാല്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാപ്പി കുടിക്കുന്നതില്‍ നിന്ന് അകലം പാലിക്കുക.
രാത്രിയില്‍ കാത്സ്യം കഴിക്കുന്നത് അസ്ഥികള്‍ക്ക് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരം സ്വാഭാവികമായും രാത്രിയില്‍ രക്തപ്രവാഹത്തില്‍ നിന്ന് അസ്ഥികളിലേക്ക് കാല്‍സ്യം വലിച്ചെടുക്കുന്നു. സാധാരണയായി കാത്സ്യം സപ്ലിമെന്റുകള്‍ കഴിക്കാന്‍ അനുയോജ്യമായ സമയം ഭക്ഷണത്തോടൊപ്പം അല്ലെങ്കില്‍ ഭക്ഷണത്തിന് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് കഴിക്കുന്നതാണ്.
കാത്സ്യം ചില സപ്ലിമെന്റുകളുമായും ചില ഭക്ഷണങ്ങളുമായും നന്നായി പ്രവര്‍ത്തിക്കില്ല. അയണ്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവരാണെങ്കില്‍ രണ്ട് മണിക്കൂര്‍ ഇടവേളകളില്‍ കഴിക്കുക. ചീര പോലെയുള്ള ഉയര്‍ന്ന ഓക്‌സലേറ്റ് ഭക്ഷണങ്ങള്‍, ഫൈബര്‍ സപ്ലിമെന്റുകള്‍ എന്നിവയോടൊപ്പം കാത്സ്യം ഗുളികകള്‍ കഴിക്കരുത്. അതുപോലെ തൈറോയിഡ് മരുന്നുകള്‍ കഴിക്കുമ്പോള്‍ കാത്സ്യത്തില്‍ നിന്ന് നാല് മണിക്കൂര്‍ ഇടവേള ആവശ്യമാണ്.
( എന്ത് തരത്തിലുളള മരുന്നുകള്‍ കഴിക്കുമ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക).
Content Highlights :Don't take calcium tablets randomly. What matters is when and how you take calcium tablets