പക്ഷിപ്പനി പേടി, ഇന്ത്യയിൽ കോഴി വില കുത്തനെ ഇടിയുമോ?

ഇന്ത്യ, ബ്രിട്ടൻ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ വിലക്ക് നേരിടുന്നവരുടെ പട്ടികയിലുണ്ട്

പക്ഷിപ്പനി പേടി, ഇന്ത്യയിൽ കോഴി വില കുത്തനെ ഇടിയുമോ?
dot image

സൗദി അറേബ്യയിലേക്ക് കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിലക്കേർപ്പെടുത്തി. പക്ഷികൾക്കിടയിൽ പടർന്നുപിടിക്കുന്ന അതീവ അപകടകാരിയായ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി.

ഗൾഫ് വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് വലിയ തോതിൽ കയറ്റുമതി ചെയ്തിരുന്ന മുട്ട - കോഴി കർഷകർക്ക് ഈ തീരുമാനം ഇരുട്ടടിയായി. പ്രവാസികളെയും കയറ്റുമതി മേഖലയെയും ഒരുപോലെ ബാധിക്കുന്ന ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളും നിലവിലെ സാഹചര്യവും പരിശോധിക്കാം.

BIRDS FLU

ബ്രിട്ടനടക്കം വിലക്ക്

ഇന്ത്യ, ബ്രിട്ടൻ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ വിലക്ക് നേരിടുന്നവരുടെ പട്ടികയിലുണ്ട്. പക്ഷിപ്പനി വൈറസ് വ്യാപനം തടയാനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ഈ തീരുമാനം. ഇതൊരു താൽക്കാലിക നിരോധനമാണെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും, 2004 മുതൽ ഈ പട്ടികയിൽ തുടരുന്ന രാജ്യങ്ങളും ഉണ്ടെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിൽ പക്ഷി പനിയുണ്ടോ ?

പട്നയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കാക്കകളിൽ നിന്ന് വളർത്തുപക്ഷികളിലേക്ക് രോഗം പടർന്നതോടെ 6,000-ത്തോളം പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു.നിലവിൽ ബീഹാറിലെ പട്ന പോലുള്ള ചില പ്രത്യേക സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം ഇത് പടർന്നു പിടിച്ചിട്ടില്ല. ഇത്തവണ കാക്കകളിലാണ് ആദ്യം രോഗം കണ്ടത്. അവയിൽ നിന്ന് കോഴികളിലേക്കും മറ്റും പടരുന്നത് തടയാനാണ് സർക്കാർ അതിവേഗ നടപടികൾ സ്വീകരിക്കുന്നത്.

രോഗം ബാധിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് സാധാരണയായി കൊന്നൊടുക്കുന്നത്. ഇത് രോഗം മറ്റു സംസ്ഥാനങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലാണ്.

ഇറച്ചി കോഴി കഴിക്കുന്നത് പേടിക്കണോ?

സാധാരണക്കാർ ചോദിക്കുന്ന പ്രധാന ചോദ്യമാണിത്. ലോകാരോഗ്യ സംഘടനയുടെയും വിദഗ്ധരുടെയും അഭിപ്രായത്തിൽ, മാംസവും മുട്ടയും 70°C-ൽ കൂടുതൽ താപനിലയിൽ നന്നായി വേവിച്ച് കഴിച്ചാൽ പക്ഷിപ്പനി വൈറസ് നശിച്ചുപോകും. അതിനാൽ പേടിക്കേണ്ടതില്ല. പച്ചമാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകണം.

നിങ്ങളുടെ പരിസരത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തു വീഴുന്നത് കണ്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കുക. അവയെ തൊടാൻ ശ്രമിക്കരുത്.ഇന്ത്യയിൽ ചിലയിടങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനിയെ പേടിക്കേണ്ട,നന്നായി വേവിച്ച കോഴിയിറച്ചി കഴിക്കുന്നതിലും പേടി വേണ്ട എന്നാണ് ഡോക്ടർമാർ പറയുന്നത്.

CHICKEN

പ്രവാസികളെയും വിപണിയെയും എങ്ങനെ ബാധിക്കും?

സൗദിയിലെ വിപണിയിൽ ഇന്ത്യൻ മുട്ടയ്ക്കും ഇറച്ചി കോഴിക്കും വലിയ ഡിമാൻഡുണ്ട്. നിരോധനം വരുന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കേണ്ടി വരും. ഇത് ചിലപ്പോൾ സൗദിയിലെ പ്രാദേശിക വിപണിയിൽ ഇറച്ചി കോഴിയുടെയും മുട്ടയുടെയും വില വർധിക്കാൻ കാരണമായേക്കാം. പക്ഷിപ്പനി ഭീഷണി പൂർണ്ണമായും മാറുന്നത് വരെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ സൗദി അതിർത്തി കടത്തിവിടില്ല.

Content Highlighs:

dot image
To advertise here,contact us
dot image