

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിച്ചു. വയനാട് എം പി പ്രിയങ്ക ഗാന്ധി, മുസ്‌ലിം ലീഗ് അഖിലേന്നേത്തായ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ എംപി, ടി സിദ്ധിഖ് എംഎൽഎ തുടങ്ങിയ വിവിധ നേതാക്കൾ പങ്കെടുത്തു.
കോൺഗ്രസ് നിർമിക്കുന്ന നൂറുവീടുകളിൽ അമ്പത് വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയിൽ ആദ്യം നിർമിക്കുന്നത്. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. ഭാവിയിൽ ഒരുനില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന.
ദുരന്തത്തിന് മുന്നിൽ ആത്മവീര്യം കെടാതെ വയനാട്, ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നിച്ചു നിന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരസ്പരം പിണങ്ങി നടക്കാൻ സാധിക്കാത്തതാണ് വയനാട്ടിലെ ജനതയുടെ മാജിക്കെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി വാങ്ങുന്നതിൽ പല പ്രതിസന്ധികളും ഉണ്ടായി. എല്ലാവർക്കും ഒപ്പം കോൺഗ്രസ് പാർട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂർത്തികരിച്ച മുസ്‌ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
ദുരന്തത്തിന്റെ കാഴ്ചകൾ ഒരിക്കലും മറക്കാൻ ആകുന്നതല്ലെന്ന് പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. ദുരന്തബാധിതരുടെ വിഷയം താൻ പല തവണ പാർലമെന്റിൽ ഉന്നയിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
അതിജീവനത്തിനായി ദുരന്ത ബാധിതരോടൊപ്പം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്. ദുരന്തത്തിനെതിരെ നമ്മൾ ഒരുമിച്ച് പോരാടി. എല്ലാ രാഷ്ട്രീയപാർട്ടികളും ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറായി. രാഹുൽ ഗാന്ധി 100 വീടുകൾ നൽകുമെന്ന് വാഗ്ദാനം നൽകി.
എന്നാൽ അതിന് അല്പം സമയം എടുത്തു. പദ്ധതി വൈകിയത് വിഷമിപ്പിച്ചെന്നും പ്രിയങ്ക പറഞ്ഞു.
നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് തറകല്ലിടൽ ചടങ്ങിലേക്ക് എത്തിയത്. ഒരുപാട് രേഖകൾ ശരിയാകാനുണ്ടായിരുന്നു. ഇപ്പോൾ ഈ പദ്ധതി തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. 3.24 ഏക്കറാണ് വാങ്ങിയത്. 2.18 ഏക്കർ കൂടി രജിസ്റ്റർ ചെയ്യാനുണ്ട്. മറ്റൊരു 5 ഏക്കർ കൂടി വാങ്ങാൻ ചർച്ചകൾ നടക്കുകയാണ്. മരിച്ചു പോയവരുടെ ആത്മാവിന് ശാന്തി ലഭിക്കുന്നതാണ് ഈ പദ്ധതിയെന്നും പ്രിയങ്ക പറഞ്ഞു.
Content Highlights: Rahul Gandhi inaugurated the foundation ceremony of a housing project launched by the Congress for victims of the Wayanad landslide