
ജനിച്ചതേ വായിൽ സ്വർണകരണ്ടിയുമായി എന്നാണ് ബോളിവുഡ് താരം അമീഷ പട്ടേൽ തന്റെ ലൈഫിനെ കുറിച്ച് പറയുന്നത്. സമ്പന്ന കുടുംബത്തിൽ ജനിച്ചതിനാൽ ആഡംബരത്തോടുള്ള തന്റെ പ്രിയവും തന്റെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്ന കുടുംബത്തെ കുറിച്ചുമെല്ലാം വാചാലയാവുന്ന അമീഷ ഇപ്പോൾ തന്റെ ആഡംബര ബ്രാന്റഡ് ബാഗ് കളക്ഷനെ കുറിച്ചാണ് മനസ് തുറന്നിരിക്കുന്നത്. ബിർക്കിൻസ്, ഡയർ, ഹെർമസ് തുടങ്ങി നാനൂറോളം ബ്രാന്റഡ് ബാഗുകളാണ് താരത്തിന്റെ പക്കലുള്ളത്. ഇവയുടെയെല്ലാം വിലകൾ ചേർത്താൽ കോടികളാണെന്നും ഈ പണമുണ്ടെങ്കിൽ മുംബൈയിൽ തനിക്കൊരു ആഡംബര ഫ്‌ളാറ്റ് തന്നെ സ്വന്തമാക്കാമായിരുന്നുവെന്നുമാണ് അമീഷയുടെ പറയുന്നത്.
കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം നടത്തുന്നതിന് മുമ്പ് തന്നെ ഫാഷൻ ലോകത്തെ കുറിച്ച് നന്നായി അമീഷയ്ക്ക് അറിയാം. രണ്ടുമാസങ്ങൾക്ക് മുമ്പ് ഫറാ ഖാന്റെ വ്‌ളോഗിലാണ് തന്റെ ഡിസൈനർ ബാഗ് കളക്ഷനെ കുറിച്ച് താരം പറഞ്ഞത്. ലക്ഷ്വറി ബാഗുകളോട് തനിക്ക് വലിയ കമ്പമാണെന്നും ആളുകളെ വിചാരിക്കുന്നതിന് വളരെ മുമ്പ് തന്നെ ഫാഷനോടുള്ള തന്റെ അഭിനിവേശം ആരംഭിച്ചിരുന്നുവെന്നുമാണ് അമീഷ പറയുന്നത്. സൂമിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ അവർ പറയുന്നത് തന്റെ പാഷനും കഠിനാധ്വാനവുമാണ് ഈ ബാഗ് കളക്ഷന് പിന്നിലെന്നാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് നിങ്ങളുണ്ടാക്കുന്ന പണം നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാം. എന്റെ ഈ പാഷൻ ഇപ്പോഴെങ്ങും ആരംഭിച്ചതുമല്ലെന്ന് അമീഷ പറയുന്നു. സ്‌കൂളിൽ പോകുന്ന കാലം സ്‌കൂൾ ബാഗ് പോലും ഡിസൈനർ ബാഗായിരുന്നു. അതിനാൽ ഇതൊന്നും എനിക്ക് പുതുമയല്ല. ലോകം ചുറ്റിക്കറങ്ങാൻ ആരംഭിച്ചത് വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെയാണ്. ഇന്നത്തെ കാലത്ത് പോലും കടകളിൽ ലഭിക്കാത്ത ബാഗുകൾ തന്റെ അമ്മയും അമ്മായിമാരും പണ്ട് മുതലേ അവർക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിച്ചിരുന്നത് കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.
വീട്ടിലെ സ്ത്രീകളും എങ്ങനെയാണ് നല്ല സ്റ്റൈലായും ആഢംബരമായും ജീവിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നു. വീട്ടിലായിരിക്കുമ്പോൾ പോലും തന്റെ മുത്തശ്ശി ഒരു ദിവസം മൂന്നു തവണ സാരികൾ മാറ്റുമായിരുന്നു. വീട്ടിലെ എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ള ചില കാര്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ ആരുടെയും കാർ അല്ലെങ്കിൽ ബൈക്ക് കളക്ഷനെ ജഡ്ജ് ചെയ്യുകയല്ല, ചിലർക്ക് ചിലതിനോട് വല്ലാത്ത ഇഷ്ടമുണ്ടാകും അതിനായി പണം ചിലവഴിക്കുന്നതിൽ തെറ്റില്ല. തന്നെ സംബന്ധിച്ച് അത് ബാഗുകളാണെന്നും അമീഷ പറയുന്നു. ഇന്ത്യയിൽ ആളുകൾ ബ്രാൻഡുകളെ കുറിച്ച് കേൾക്കുന്നതിന് വാക്കുകൾ ഉച്ചരിക്കുന്നതിനും മുമ്പേ ഇത്തരം ബാഗുകളെ കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും അത് ഉപയോഗിച്ചിട്ടുണ്ടെന്നും അമീഷ പറയുന്നു. മാഗസിനിൽ മാത്രം കണ്ടിട്ടുള്ള വസ്ത്രങ്ങളും ബാഗുകളും താൻ ഉപയോഗിക്കുന്നത് കണ്ട് പലരും അത് നേരിട്ട് വന്ന് പറഞ്ഞിട്ടുണ്ട്. ആളുകളെ കാണിക്കാൻ വേണ്ടിയല്ല എന്റെ ബാഗുകൾ ടിപ്‌ടോപ് ആയിരിക്കണമെന്ന നിർബന്ധമുണ്ടെന്നും അമീഷ കൂട്ടിച്ചേർത്തു.
സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ടും പണമായിരുന്നില്ല സിനിമാ അഭിനയം തെരഞ്ഞെടുക്കാൻ കാരണം. മറിച്ച് എൺപത് വയസായാലും കഠിനാധ്വാനം ചെയ്യുന്ന ആളുകളാണ് തന്റെ വീട്ടിലുള്ളതെന്നും ലോകമെമ്പാടും തന്റെ കുടുംബത്തിലുള്ളവരുണ്ടായതിനാൽ അവരെല്ലാം ദൈവാനുഗ്രഹത്താൽ എല്ലാവരും കഠിനാധ്വാനത്തിൽ നല്ല നിലയിലാണ് ജീവിക്കുന്നതെന്നും അവർ വാചാലയാകുന്നു.
Content Highlights: Ameesha Patel about her branded bag collection