
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിരുന്നു. സെപ്റ്റംബര്‍ 14ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. പാകിസ്താനെ വെറും 127 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 15.5 ഓവറില്‍ വിജയത്തിലെത്തി. മത്സരത്തിലെ എല്ലാ മേഖലയിലും പാകിസ്താനെ പൂര്‍ണമായും പിന്നിലാക്കിയ ഇന്ത്യ ഏകപക്ഷീയ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇപ്പോഴിതാ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യ-പാക് പോരാട്ടത്തിന് ഒരു ആവേശവും ഉണ്ടായിരുന്നില്ലെന്നാണ് ഗാംഗുലി പറയുന്നത്. ചിരവൈരികള്‍ തമ്മിലുള്ള മത്സരം ഒരു പോരാട്ടമായി തോന്നിയില്ലെന്നും മത്സരം തുടങ്ങി 15 ഓവറിനുള്ളില്‍ തന്നെ കാണുന്നത് നിര്‍ത്തിയെന്നും ഗാംഗുലി പറഞ്ഞു.
'മത്സരം കണ്ടപ്പോള്‍ എനിക്ക് ഒട്ടും ആവേശവും അതിശയവും തോന്നിയില്ല. ആദ്യ 15 ഓവറുകള്‍ക്ക് ശേഷം ഞാന്‍ കാണുന്നത് നിര്‍ത്തി. തുടര്‍ന്ന് ഞാന്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം കാണുകയായിരുന്നു. കാരണം ഇന്ത്യ-പാക് മത്സരത്തില്‍ തുടര്‍ന്നങ്ങോട്ട് ഒരു മത്സരമായി തോന്നിയിട്ടില്ല', ഗാംഗുലി പറഞ്ഞു.
Pakistan are no match anymore. I switched off after 15 overs and watched the Manchester derby instead. I’d rather watch India play Australia, England, South Africa, or even Afghanistan than Pakistan now - Sourav Ganguly#AsiaCup2025 pic.twitter.com/jZEmw5wSjR
— RB. (@rahul4bisht) September 16, 2025
സെപ്റ്റംബര്‍ 14ന് തന്നെയായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം നടന്നത്. ആവേശകരമായ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനെതിരെ സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. മത്സരത്തില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡനും വലകുലുക്കി.
Content Highlights: 'I stopped watching India vs Pakistan after just 15 overs', says Sourav Ganguly