
വ്യത്യസ്തമായ പല കാര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ചിലപ്പോഴത് വിശ്വാസവുമായി ബന്ധപ്പെട്ടായിരിക്കാം, ചിലപ്പോൾ സംസ്‌കാരത്തിന്റെ ഭാഗമാകാം. പക്ഷേ വ്യത്യസ്തയിലും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ചില രീതികളും നമ്മുടെ രാജ്യത്തുണ്ട്. ഭാഷയിലും ആചാരങ്ങളിലും മാത്രമല്ല ഭക്ഷണത്തിൽ പോലും നമ്മൾ സ്വപ്‌നത്തിൽ വിചാരിക്കാത്ത ചില രീതികൾ ഉണ്ടാകും.
തെക്കുള്ളവർക്ക് അരിയാഹാരമാണ് പ്രിയമെങ്കിൽ അങ്ങ് വടക്കുള്ളവർക്ക് അത് ഗോതമ്പാണ്. വെജിറ്റേറിയനാവട്ടെ നോൺ വെജിറ്റേറിയനാവട്ടെ എല്ലാ അടുക്കളകളിലേയും സ്ഥിരം സാന്നിധ്യമാണ് സവാള. ദാൽ, ചട്‌നി, സാലഡ്, സാമ്പാർ എന്നു വേണ്ട സകലതിലെയും ചേരുവകളിലൊന്നാണ് സവാള. പക്ഷേ നമ്മുടെ ഇന്ത്യയിൽ ഒരു നഗരത്തിൽ സവാള വിളയിക്കുന്നതും വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. അതായത് ഉള്ളികളൊന്നും കത്രയിലേക്ക് കടത്തിവിടില്ല.
വൈഷ്‌ണോ ദേവി തീർത്ഥാടനത്തിന് പേരുകേട്ട കത്രയിലാണ് സവാളയ്ക്ക് അടക്കം അയിത്തമുള്ളത്. ജമ്മുകശ്മീരിലെ ഈ നഗരം വളരെ പുണ്യമായ ഇടമായാണ് കണക്കാക്കുന്നത്. മതപരമായ വിശുദ്ധി ഇവിടെ നിലനിർത്തേണ്ടത് ആവശ്യമാണെന്ന വിശ്വാസത്തിൽ ഈ നഗരത്തിലേക്ക് സവാളയ്ക്കും ഒപ്പം വെളുത്തുള്ളിക്കും പ്രവേശനമില്ല. ഈ പ്രദേശത്തുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റോഡ് സൈഡിലെ ദാബകൾ എന്നിവടങ്ങളിലൊന്നും സവാളയും വെളുത്തുള്ളിയുമുള്ള ഒരു വിഭവവും ലഭിക്കില്ല. മാത്രമല്ല പച്ചക്കറി കടകളിലൊന്നും ഇവയുടെ പൊടിപോലും ഉണ്ടാവില്ല.
ഹിന്ദുവിശ്വാസ പ്രകാരം സവാളയും വെളുത്തുള്ളിയും താമസിക്ക് ഭക്ഷണങ്ങളായാണ് കണക്കാക്കുന്നത്. അതായത് ഇവ മടി, ദേഷ്യം, മനസിന്റെയും ശരീരത്തിന്റെ അസ്ഥിരത എന്നിവയെ ഉത്തേജിപ്പിക്കുന്നതാണെന്നാണ് കരുതപ്പെടുന്നത്. പൂജകൾ, വ്രതം, തീർത്ഥാടനം എന്നിവ ചെയ്യുമ്പോൾ ഇവ ഉപേക്ഷിക്കണം എന്നാണ് വിശ്വാസം. കത്രയിൽ നൽകുന്ന ഭക്ഷണത്തെ സ്വാതികമായാണ് കരുതുന്നത്. വൃത്തിക്കൊപ്പം കൃത്യമായ ക്രമം പാലിക്കുന്ന ഭക്ഷണമെന്ന് അർത്ഥം. ഇതിൽ പോഷകഗുണത്തിനോ രുചിക്കോ ഒരു കുറവും ഉണ്ടാകില്ല.
കത്രയിലെ പ്രദേശവാസികളാണ് ഈ രീതി തുടർന്ന് വരാൻ എല്ലാകാലത്തും ശ്രമിച്ചുവരുന്നത്. നിയമങ്ങൾ കർശനമായി തന്നെ ഇവിടെ പാലിക്കപ്പെടുന്നുണ്ട്. സവാള ആവശ്യപ്പെടുന്നവർക്ക് അതിന് പകരമായി ഉപയോഗിക്കുന്ന സാത്വികമായ മറ്റൊന്ന് നൽകും. വിശ്വാസികൾക്ക് ഈയൊരു രീതി പിന്തുടരുക എന്നത് അവരുടെ വിശ്വാസത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഗമാണ്. നഗരത്തിന്റെ സാംസ്‌കാരികവും മതപരമായ പ്രാധാന്യവും തെളിയിക്കുന്ന ഒരു അടയാളമായി ഇന്നും തുടരുകയാണ് ഈ സവാള നിരോധനം.
സവാളയും കൊച്ചുള്ളിയുമൊന്നും ഇല്ലാതെ ഒന്നും പാചകം ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ ചിന്ത തന്നെ മാറ്റിമറിക്കുകയാണ് കത്ര നിവാസികൾ. കത്രക്കാർ ഉണ്ടാക്കുന്ന വിഭവങ്ങൾ നിരവധി ചേരുവകളാൽ സമ്പുഷ്ടമാണെന്നതിന് അപ്പുറം ആരോഗ്യത്തിനും മികച്ചതാണ്. ഇവിടെ എത്തുന്ന തീർത്ഥാടകർ ഈ രുചി മനസിലാക്കിയാണ് മടങ്ങുന്നതും. പരിശുദ്ധമായ ഭക്ഷണം എന്നതിനപ്പുറം രുചികരമായത് എന്നതാണ് ഇതിനെ എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നതും.
Content Highlights: This Indian city prohibits Onion, let's findout the reason