
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്. പേരാവൂരും കണ്ണൂരും കണ്ട് ആര്‍ക്കാണ് ചൊറിയുന്നതെന്ന് ബൈജു ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൈജുവിന്റെ വിമര്‍ശനം.
'തീ പോലെ കത്തുന്ന കണ്ണൂരിലെയും പേരാവൂരിലെയും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയാണ് ഇവരൊക്കെ വളര്‍ന്നത്. അതിന്റെ ചൂടും ചൂരും നെഞ്ചില്‍ കനല്‍ പോലെ സൂക്ഷിച്ചുകൊണ്ട് തന്നെയാണ് കേരള രാഷ്ട്രീയത്തില്‍ ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നതും. സണ്ണി ജോസഫ് പാര്‍ട്ടിയെ നയിക്കുന്നതില്‍ ആര്‍ക്കെങ്കിലും കുരു പൊട്ടിയിട്ടുണ്ടെങ്കില്‍ തല്‍ക്കാലം ഒരു പ്ലാസ്റ്റര്‍ വാങ്ങി ഒട്ടിക്കുന്നതാണ് നല്ലത്', ബൈജു പറഞ്ഞു.
ഏത് 'കൊടി' കെട്ടിയവന്‍ ആയാലും കൂടുതല്‍ പറയിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനുകൂല്യത്തിന്റെ പുറത്ത് രാഷ്ട്രീയത്തില്‍ തുടരുന്നവര്‍ അല്ല ഇവര്‍. നീല കുറുക്കന്‍ ഓരിയിട്ടാല്‍ എങ്ങനെ അതിനെ തീര്‍ക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ബൈജു വര്‍ഗീസ് പറഞ്ഞു.
മുന്‍ അധ്യക്ഷന്‍ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നുവെന്നും ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണെന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കെപിസിസി യോഗത്തിലായിരുന്നു സണ്ണി ജോസഫിന്റെ പരിഹാസം. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതോടെ കൊടിക്കുന്നില്‍ പരാമര്‍ശം പിന്‍വലിച്ചിരുന്നു.
Content Highlights: Kannur DCC general secratary Byju Varghese against Kodikkunnil Suresh