
കൊച്ചി: സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഡോ. എം ലീലാവതി. വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്ന് ലീലാവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്ത് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. വലിയ വിമര്‍ശനങ്ങള്‍ ഏറ്റിട്ടുണ്ടെന്നും ലീലാവതി പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലായിരുന്നു ലീലാവതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
'കുഞ്ഞുങ്ങള്‍ക്ക് ജാതിയും മതവും വര്‍ണവുമില്ല. കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങള്‍ മാത്രമാണ്. കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവരുടെ അച്ഛനമ്മമാര്‍ ആരെന്ന് ഞാന്‍ ആലോചിക്കാറില്ല. അത് എനിക്ക് പ്രസക്തമല്ല', ലീലാവതി പറഞ്ഞു.
'ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക' എന്ന തന്റെ 98ാം പിറന്നാള്‍ ദിനത്തില്‍ ലീലാവതി പറഞ്ഞ വാക്കുകള്‍ക്കെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നുമാണ് അധിക്ഷേപം. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ രീതിയില്‍ ആക്രമണം നടക്കുകയാണ്.
അതേസമയം സൈബര്‍ ആക്രമണത്തെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ലീലാവതി ടീച്ചര്‍ ഗാസയിലെ കുട്ടികള്‍ക്ക് വേണ്ടി പ്രതികരിച്ചത് നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. അത്തരം വാക്കുകളെപ്പോലും നിന്ദ്യമായ ഭാഷയില്‍ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവരുടെ പ്രവൃത്തി കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെയും നന്മയെയും ചോദ്യം ചെയ്യുന്നതാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
'മലയാളത്തിന്റെ എഴുത്തമ്മയായ ഡോ. എം ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. 98 വയസ്സ് പിന്നിട്ട നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യമായ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വമാണ് ടീച്ചര്‍. ഗാസയിലെ കുട്ടികള്‍ വിശന്നിരിക്കുമ്പോള്‍ തനിക്ക് ഓണമുണ്ണാന്‍ തോന്നുന്നില്ല എന്ന് അവര്‍ പറഞ്ഞത് ഒരു മനുഷ്യസ്‌നേഹിയുടെ നന്മ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളാണ്', ശിവന്‍കുട്ടി പറഞ്ഞു.
Content Highlights: M Leelavathy about cyber attack against her on Gaza children support