

അരൺമനൈ 3 , കാല തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സാക്ഷി അഗർവാൾ. ഇപ്പോഴിതാ സിനിമ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് നടി. പലപ്പോഴും തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പലരും അനുചിതമായ രീതിയിൽ സമീപിച്ചിട്ടുണ്ടെന്നും സാക്ഷി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാക്ഷി ഇക്കാര്യം പറഞ്ഞത്.
'സൗത്തിൽ എന്നെ കണ്ടാൽ നോർത്ത് ഇന്ത്യൻ നായികയെപ്പോലെ ഉണ്ടെന്നാണ് പറയുന്നത്. നോർത്തിൽ ചെല്ലുമ്പോൾ സൗത്ത് ഇന്ത്യനെ പോലെ ഉണ്ടെന്നും പറയും. പലപ്പോഴും എനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും അനുചിതമായ രീതിയിൽ സമീപിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം ഞാൻ നടന്നകന്നിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ നിന്നെല്ലാം എനിക്ക് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഒരു ഇൻഡസ്ട്രിയും മറ്റൊന്നിനേക്കാൾ സുരക്ഷിതമാണെന്ന് ഞാൻ പറയില്ല പക്ഷെ കൃത്യമായ അച്ചടക്കവും പ്രൊഫഷണലായ അതിരുകളും ഉള്ള ഇൻഡിസ്ട്രിയാണ് തമിഴ്. മലയാളം സിനിമയിൽ നിന്ന് സൈലെൻസിന് കൂടുതൽ പ്രധാനം നൽകണം അണ്ടർപ്ലെ ചെയ്യാനും ആണ് ഞാൻ പഠിച്ചത്' സാക്ഷിയുടെ വാക്കുകൾ.
ഒരായിരം കിനാക്കൾ, ബെസ്റ്റി തുടങ്ങിയ സിനിമകളിലാണ് സാക്ഷി അഗർവാൾ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിനോടൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റ് ആയും സാക്ഷി അഗർവാൾ പ്രവർത്തിച്ചിട്ടുണ്ട്. ഗസ്റ്റ് ചാപ്റ്റർ 2 , ദി നൈറ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സാക്ഷിയുടെ സിനിമകൾ.
Content Highlights: Sakshi Agarwal about casting couch experience