
റഷ്യന്‍ തീരങ്ങളില്‍ 8.8 തീവ്രതയില്‍ ഭൂമികുലുക്കം രേഖപ്പെടുത്തിയതിന് തൊട്ട് പിന്നാലെ തന്നെ രാക്ഷസ തിരമാലകളാണ് ആഞ്ഞടിച്ചത്. അമ്പത് സെന്റിമീറ്റര്‍ നീളമുള്ള തിരമാലകളാണ് ജപ്പാന്‍ തീരത്തേക്ക് പാഞ്ഞെത്തിയത്. ഒരേസമയം രണ്ട് ദുരന്തങ്ങള്‍.. ഭൂമികുലുക്കവും ഇതിന് പിന്നാലെയെത്തുന്ന സുനാമി തിരകളും. എങ്ങനെയാണ് ഇവ രണ്ടും ബന്ധപ്പെട്ട് കിടക്കുന്നത് എന്നൊരു ചോദ്യം നമ്മുടെ മനസിലുണ്ടാവും.. ഇത് എത്രമാത്രം നാശം വിതയ്ക്കുന്നതാണെന്നും നമ്മള്‍ അറിഞ്ഞിരിക്കണം.
വെള്ളത്തിനടിയിലുണ്ടാവുന്ന ഭൂമികുലുക്കം, അഗ്നിപര്‍വത സ്‌ഫോടനം, മണ്ണിടിച്ചില്‍ എന്നിവയെല്ലാം സുനാമിക്ക് കാരണമാകാം. മറ്റ് തിരമാലകളെ പോലെയല്ല, സുനാമിയുണ്ടാകുമ്പോള്‍ വലിയൊരു അളവ് വെള്ളത്തിന്റെ സ്ഥാനത്തിനാണ് മാറ്റം സംഭവിക്കുന്നത്. മിക്കവാറും അതും കടലിന്റെ അടിത്തട്ടിനുണ്ടാകുന്ന വലിയ മാറ്റത്തിന്റെ ഫലമായിരിക്കും. ഭൂമിയുടെ ഉപതലത്തിലെ ഇത്തരത്തിലുള്ള ശക്തമായ ചലനത്തെ തുടര്‍ന്ന് ജലം മുകളിലേക്കും താഴേക്കും തള്ളും. ഇതോടെ നീണ്ടുകിടക്കുന്ന സമുദ്രനിരപ്പിലേക്ക് ജെറ്റ് വേഗതയില്‍ വെള്ളം സഞ്ചരിക്കാന്‍ കാരണമാകും.
തീരമെത്തുന്ന സമയം നാടകീയമായി തന്നെ ഈ തിരമാലകളുടെ വേഗത കുറഞ്ഞ് ഉയര്‍ന്ന് പൊങ്ങും. മുപ്പത് മീറ്റര്‍ നീളത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്ന സംഭവമുണ്ടായിട്ടുണ്ട്. കിലോമീറ്ററോളം കരയിലാഞ്ഞടിച്ച് നാശനഷ്ടമുണ്ടാക്കി മടങ്ങാന്‍ ഇവയ്ക്ക് കഴിയും. ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള ടെക്ടോണിക്ക് പ്ലേറ്റുകള്‍ക്കുണ്ടാകുന്ന ചലനമാണ് പെട്ടെന്നുള്ള കുലുക്കമായി അനുഭവപ്പെടുന്നത്. നിരവധി വമ്പന്‍ പ്ലേറ്റുകളാല്‍ ഭൂമിയുടെ ക്രസ്റ്റ് വിഭജിച്ചിട്ടുണ്ട്. ഇവ നിരന്തരം മാറിക്കൊണ്ടിരിക്കുന്നവയാണ്. ഇത്തരത്തില്‍ ചലനമുണ്ടാക്കുന്നതിനിടയില്‍ ഉണ്ടാകുന്ന ഒരു ഊര്‍ജ്ജം പുറത്തേക്ക് വരുന്നത് ഭീമന്‍ ഭൂമികുലുക്കത്തിന്റെ രൂപത്തിലാകും. ഇതിനെ സീസ്മിക് എനര്‍ജി എന്നാണ് വിളിക്കുന്നത്. ഇതിന്റെ തീവ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് റിക്ടര്‍ സ്‌കെയില്‍. തീവ്രത കൂടിയതും കുറഞ്ഞതുമായ ഭൂമികുലുക്കം ഇതിലൂടെ രേഖപ്പെടുത്താറുണ്ട്. ഇതിന്റെ ആരംഭകേന്ദ്രത്തെയും അവിടെയുണ്ടാകുന്ന ആഴത്തിലുള്ള ആഘാതത്തെയും അനുസരിച്ചാവും നാശനഷ്ടങ്ങളും ഉണ്ടാവുക.
ഇനി ഭൂമികുലുക്കം സുനാമിക്ക് കാരണമാകുമോ എന്ന് ചോദിച്ചാല്‍ അതേ എന്നാണ് ഉത്തരം. ഭൂരിപക്ഷ സുനാമികളും ടെക്ടോണിക് പ്ലേറ്റുകളുടെ ചലനത്തിന്റെ സൃഷ്ടികളാണ്. ഇത്തരത്തില്‍ പ്ലേറ്റുകള്‍ക്ക് ചലനമുണ്ടാകുമ്പോള്‍, അത് വെള്ളത്തിന് ശക്തിയായി മുന്നോട്ട് ചലിക്കാനുള്ള ഊര്‍ജ്ജമാണ് നല്‍കുന്നത്. സമുദ്രങ്ങളിലെ സീസ്മിക് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാണ് സുനാമി മുന്നറിയിപ്പുകള്‍ നല്‍കുന്നത് തന്നെ. ഏഴ് തീവ്രതയ്ക്ക് മുകളില്‍ ഭൂമികുലുക്കം രേഖപ്പെടുത്തിയാല്‍, അടിയന്തരമായി സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിക്കും.
എല്ലാ ഭൂമികുലുക്കവും സുനാമിക്ക് കാരണമാകില്ല, തീവ്രത കൂടിയ ഭൂമികുലുക്കം സമുദ്രത്തിന്റെ അടിത്തട്ടിനോട് വളരെ അടുത്തായി ഉണ്ടായാലാണ് സുനാമി ഉണ്ടാകുക. അങ്ങനെ സമുദ്രത്തിന്റെ അടിത്തട്ടിന്റെ ലംബ ചലനം സാധാരണയായി തിരമാലകളെ ചലിപ്പിക്കുന്നു. സമുദ്രത്തിന്റെ അടിത്തട്ട് ഉയരുകയോ താഴുകയോ ചെയ്യുമ്പോള്‍, അതിന് മുകളിലുള്ള വെള്ളത്തിലും ഈ മാറ്റം സംഭവിക്കും. വെള്ളം മുകളിലേക്കും താഴേക്കും നീങ്ങി അതിന്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍, സുനാമി എല്ലാ ദിശകളിലേക്കും പ്രസരിക്കുന്നു.
Content Highlights: Is there any connection between Tsunami and Earthquake?