മനുഷ്യരുടെ പൂര്‍വികര്‍ കുഞ്ഞുങ്ങളെ ആഹാരമാക്കിയിരുന്നു; കണ്ടെത്തല്‍ ഞെട്ടിക്കും!

850,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യത്തെ കുറിച്ചാണ് മനസിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്

dot image

വടക്കന്‍ സ്‌പെയിനില്‍, സ്പാനിഷ് ആര്‍ക്കിയോളജിസ്റ്റുകള്‍ നടത്തിയ ഗവേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. അറ്റാപോറിക്ക പ്രദേശത്തെ ഗ്രാന്‍ ഡോലിന കേവ് സൈറ്റില്‍ നടത്തിയ ഖനനത്തിനിടെ ഒരു കുട്ടിയുടെ കഴുത്തെല്ലിന്റെ ഭാഗം ഗവേഷകര്‍ കണ്ടെത്തി. രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടെ ശരീരഭാഗം കശാപ്പ് ചെയ്ത നിലയിലാണെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 850,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാഹചര്യത്തെ കുറിച്ചാണ് മനസിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. കുഞ്ഞുങ്ങളെ കൊന്ന് മുഴുവനായി ഭക്ഷിക്കുകയാണ് പൂര്‍വികര്‍ ചെയ്തിരുന്നതെന്നാണ് നിഗമനം.

ഖനനത്തില്‍ ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നും, കുട്ടിയുടെ തലവേര്‍പ്പെടുത്തിയ നിലയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഹോമാസാപ്പിയന്‍സിന്റെയും നിയാന്‍ഡ്രത്താലിന്റെയും പൊതുവായ പൂര്‍വികരില്‍പ്പെടുന്ന വിഭാഗത്തിലുള്ള കുട്ടിയുടെ അവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയുടെ തല വേര്‍പ്പെടുത്തുന്നതിനായി കശേരുക്കളിലെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ വ്യക്തമായ മുറിവുകള്‍ ഉണ്ടാക്കിയതായി വ്യക്തമാണ്. മറ്റു ജീവികളെ ഇരകളാക്കുന്ന രീതിയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതിലൂടെ ഉറപ്പിക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മനുഷ്യര്‍ മനുഷ്യമാംസം കഴിക്കുന്ന രീതി മുമ്പും മനസിലാക്കിയിട്ടുണ്ടെങ്കിലും കുഞ്ഞുങ്ങളെ ആഹാരമാക്കിയിരുന്നെന്നത് പുത്തനറിവാണ്. 1.2 ദശലക്ഷത്തിനും 800,000 വര്‍ഷങ്ങള്‍ക്കും ഇടയിലാണ് ഭക്ഷണമാക്കപ്പെട്ട കുട്ടിയുടെ മനുഷ്യവര്‍ഗം ഭൂമിയിലുണ്ടായിരുന്നത്. ഇവരുടെ തലച്ചോറിന്റെ വലിപ്പം 1000 - 1150 ക്യുബിക്ക് സെന്റിമീറ്ററിന് ഇടയിലാണ്. ഇന്നത്തെ മനുഷ്യരെക്കാള്‍ ചെറുത്. ഓരോ കണ്ടെത്തലും നമ്മുടെ പൂര്‍വികര്‍ എങ്ങനെ ജീവിച്ചു, മരിച്ചു, മരിച്ചുപോയവരെ ഏത് തരത്തില്‍ പരിഗണിച്ചു എന്നൊക്കെ മനസിലാക്കി തരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

Content Highlights: Ancient Men ate children says new discovery

dot image
To advertise here,contact us
dot image