മിന്നാമിനുങ്ങുകൾ ഇല്ലാതാകുന്നു; ആ കുഞ്ഞുവെളിച്ചം കണ്ട അവസാന തലമുറയാകുമോ നമ്മള്‍ ?

ലോകമെമ്പാടുമുള്ള മിന്നാമിനുങ്ങുകള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു

dot image

'കറന്‍റ് കട്ടിന്റെ സമയത്ത് ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ കഥ പറയാനിരിക്കും വീട്ടില്‍ എല്ലാവരും. ചിമ്മിനി കാറ്റില്‍ ആടി ഉലയുമ്പോള്‍ നുറുങ്ങു വെളിച്ചം പിന്നെയും നേര്‍ത്ത് നേര്‍ത്ത് വരും. അപ്പോള്‍ അകലെ നിന്ന് ഒരു കുഞ്ഞു മിന്നാമിനുങ്ങ് പറന്നുവന്ന് വീടിനകത്ത് പ്രകാശം പരത്താന്‍ ശ്രമിക്കും.' തൊണ്ണൂറുകളിലും, രണ്ടായിരത്തിന്റെ തുടക്കത്തിലും ജീവിച്ചവര്‍ക്ക് ഇത് വെറുമൊരു കഥ മാത്രമായിരിക്കില്ല. അന്ന് പറന്ന് വന്ന എത്രയെത്ര മിന്നാമിന്നികളെ നമ്മള്‍ അത്ഭുതത്തോടെ നോക്കിയിരുന്ന് കാണും.

എന്നാല്‍ ഇനി വരുന്ന തലമുറയ്ക്ക് ഒരുപക്ഷെ മിന്നാമിന്നിയെ കാണാന്‍ പോലും കിട്ടിയേക്കില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മിന്നാമിന്നി വംശനാശം സംഭവിച്ച ജീവിയായി മാറുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 2024ല്‍ സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ 25 വയസിന് മുകളിലുള്ളവര്‍ക്ക് അവരുടെ കുട്ടിക്കാലത്ത് കണ്ടിരുന്ന അത്രയും മിന്നാമിനുങ്ങുകളെ ഇന്ന് കാണാന്‍ കഴിയുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത.

ലോകമെമ്പാടുമുള്ള മിന്നാമിനുങ്ങുകള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വേനല്‍ക്കാല രാത്രികളില്‍ ആകാശത്തെ നക്ഷത്രങ്ങള്‍ മനോഹരമാക്കുന്നത് പോലെ ഭൂമിയെ മിന്നാമിനുങ്ങുകള്‍ മനോഹരമാക്കിയിരുന്നു. എന്നാലിന്ന് അവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു കഴിഞ്ഞു. ജീവിതത്തിലെ ഭൂരിഭാഗവും മണ്ണിലോ ഇലകള്‍ക്കടിയിലോ കഴിയുന്ന ജീവികളാണ് മിന്നാമിനുങ്ങുകള്‍. മിതോഷ്ണ, ഉഷ്ണമേഖല കാലാവസ്ഥയിലും, ഈര്‍പ്പമുള്ള ചുറ്റുപാടുകളിലാണ് അവ ജീവിച്ചുവരുന്നത്. തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍ തുടങ്ങിയവയാണ് മിന്നാമിനുങ്ങുകളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍.

നഗരവത്കരണം, കൃഷിയുടെ വ്യാപനം, വനനശീകരണം തുടങ്ങിയവ മൂലം ആവാസവ്യവസ്ഥ നഷ്ടമായതാണ്

മിന്നാമിനുങ്ങിന്‍റെ വംശനാശത്തിന് കാരണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ പ്രത്യുല്‍പ്പാദനത്തെ അടക്കം ബാധിച്ചതും മിന്നാമിനുങ്ങുകള്‍ നാമാവശേഷമാകാന്‍ കാരണമാവുകയാണ്.

കൃഷിയിടങ്ങളിലെ കീടനാശിനിയുടെ ഉപയോഗം മിന്നാമിനുങ്ങുകളെ ബാധിച്ച മറ്റൊരു തിരിച്ചടിയായിരുന്നു. ഈ കീടനാശിനികള്‍ മിന്നമിനുങ്ങുകളെ കൊല്ലുക മാത്രമല്ല, അവയുടെ ലാര്‍വകള്‍ക്ക് അത്യാവശ്യമായ ഒച്ചുകളെയും ഇല്ലാതാക്കി. കീടനാശിനികള്‍ ജലാശയങ്ങളെ കൂടി മലിനമാക്കിയതോടെ മിന്നാമിനുങ്ങുകള്‍ വസിച്ചിരുന്ന ചതുപ്പ് നിലങ്ങള്‍ പോലുള്ള ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു.

ചുരുക്കത്തില്‍ വരും തലമുറയ്ക്ക് കഥകളിലും, സിനിമയിലും, വീഡിയോകളിലും മാത്രം കാണാന്‍ കഴിയുന്ന, വംശനാശം സംഭവിച്ച ജീവിയായി മിന്നാമിനുങ്ങുകള്‍ മാറാന്‍ പോവുകയാണെന്നാണ് പഠനങ്ങളെല്ലാം വ്യക്തമാക്കുന്നത്.

Content Highlight: Will Future Generations Miss Fireflies in Summer?

dot image
To advertise here,contact us
dot image