
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചുതള്ളിയെന്ന പരാതിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി-ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ എന്ന ബസിനെതിരെയാണ് കരുനാഗപ്പള്ളി ജോയന്റ് ആർടിഒ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ 12-ന് വെളുത്തമണൽ ജങ്ഷന് സമീപമാണ് സംഭവം നടന്നത്. സ്കൂളിൽനിന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെയാണ് കണ്ടക്ടർ ബസിൽനിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയതെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. തുടർന്ന് അന്വേഷണം നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തു.
ശേഷം ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കുകയും വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു. കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി ജോയന്റ് ആർടിഒ അറിയിച്ചു.