Top

'ഇക്കാര്യത്തില്‍ അന്തങ്ങളുടെ ഏക മറുപടി'; അനധികൃത നിയമന ആരോപണങ്ങള്‍ക്ക് സിപിഐഎം പ്രതിരോധം തൃത്താലയിലെ തോല്‍വിയെന്ന് വി ടി ബല്‍റാം

'നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് കമെന്റ്'

13 Jun 2022 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇക്കാര്യത്തില്‍ അന്തങ്ങളുടെ ഏക മറുപടി; അനധികൃത നിയമന ആരോപണങ്ങള്‍ക്ക് സിപിഐഎം പ്രതിരോധം തൃത്താലയിലെ തോല്‍വിയെന്ന് വി ടി ബല്‍റാം
X

പാലക്കാട്: മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വകുപ്പില്‍ അനധികൃത നിയമനം നടത്തുന്നുവെന്ന ആരോപണവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ലക്ഷങ്ങള്‍ ശമ്പളത്തില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍, ജൂനിയര്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ എന്നീ തസ്തികകളില്‍ 16 പേരെ താത്കാലികമായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി എന്നാണ് ബല്‍റാം ചൂണ്ടിക്കാണിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്കിടയില്‍ വേണ്ടത്ര ഏകോപനമില്ലാത്തതിനാല്‍ പദ്ധതി നിര്‍വ്വഹണം വൈകുന്നത് പരിഹരിക്കാനാണ് പുതിയ താത്കാലിക നിയമനമെന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. യോഗ്യത നിശ്ചയിക്കാതെയാണ് ഉത്തരവ് എന്നാണ് വി ടി ബല്‍റാമിന്റെ ആരോപണം. സെക്രട്ടേറിയേറ്റ് ജീവനക്കാരില്‍ നിന്നും അനുയോജ്യരായവരെ കണ്ടെത്തി ചുമതലകള്‍ ഏല്‍പ്പിച്ചാല്‍ പോരേ എന്നും നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചിരുന്നു.

ഈ തസ്തികളില്‍ നിയമിക്കാനുള്ളവരുടെ ലിസ്റ്റ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്നുവെന്നാണ് പുതിയ ആരോപണം. ഈ പട്ടിക കിഫ്ബിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രോജക്റ്റ് കോര്‍ഡിനേറ്ററായി 16 പേരുടേയും ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണായി 36 പേരുടേയും ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'നിയമിക്കപ്പെടേണ്ടവരെയൊക്കെ നേരത്തേ തന്നെ തീരുമാനിച്ച് വെച്ചിട്ടുണ്ട്. എന്നിട്ടാണ് തസ്തിക പോലും സൃഷ്ടിക്കപ്പെട്ടത്. ഇവരൊക്കെ ആരുടേയോ വേണ്ടപ്പെട്ടവരാണ് എന്ന വിശദാംശങ്ങളേ ഇനി അറിയാനുള്ളൂ'. കിഫ്ബിക്ക് ഇതിലെന്താണ് കാര്യമെന്ന് മനസ്സിലാവുന്നില്ലെന്നും ബല്‍റാം ആരോപിച്ചു. ഈ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് സൈബര്‍ സിപിഐഎമ്മിന്റെ മറുപടി തന്റെ തൃത്താലയിലെ തോല്‍വിയെന്ന് വി ടി ബല്‍റാം തന്നെ കമെന്റുമായി എത്തിയത്. കൈരളി ന്യൂസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് കമെന്റ്.

ജൂണ്‍ ഒമ്പതിലെ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇതിനിടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ & മോണിറ്ററിംഗ് വകുപ്പിൽ വീണ്ടും പുതുതായി കുറേ തസ്തികകൾ സൃഷ്ടിച്ച് താത്ക്കാലിക നിയമനങ്ങൾ നടത്താനൊരുങ്ങുന്നു. ഒരു ലക്ഷവും ഒരു ലക്ഷത്തി മുപ്പതിനായിരവുമൊക്കെയാണ് ശമ്പളം. യോഗ്യത എന്തായിരിക്കണമെന്ന് പറയുന്നുമില്ല.

വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവർക്കിടയിൽ വേണ്ടത്ര ഏകോപനമില്ലാത്തതിനാൽ പദ്ധതി നിർവ്വഹണം വൈകുന്നത് പരിഹരിക്കാനാണത്രേ ഇങ്ങനെ ലക്ഷങ്ങൾ ശമ്പളത്തിൽ 16 താത്ക്കാലികക്കാരെ പുതുതായി നിയമിക്കുന്നത്! എന്നാൽ ചില സംശയങ്ങൾ ബാക്കിയാവുകയാണ്:

ഈ വക കാര്യങ്ങൾക്ക് യോഗ്യത പോലും നിശ്ചയിക്കാതെ പുതിയ താത്ക്കാലികക്കാരെ നിയമിക്കേണ്ടതുണ്ടോ? നിലവിലെ സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ നിന്ന് തന്നെ അനുയോജ്യരായവരെ കണ്ടെത്തി ഈ ചുമതലകൾ ഏൽപ്പിച്ചാൽ പോരേ?

സെക്രട്ടേറിയറ്റിൽ നിരവധിയാളുകൾ പണിയില്ലാതെയിരിക്കുകയാണെന്നും ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ ഇവരെ വേണ്ട വിധം ഉപയോഗിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സർക്കാർ ഉപേക്ഷിച്ചതുകൊണ്ടാണോ പുറത്തുനിന്ന് വീണ്ടും ആളെ എടുക്കുന്നത്?

അതോ നിലവിലെ ജീവനക്കാരിൽ ഈ പണിക്ക് പറ്റുന്ന ആരും ഇല്ല എന്നതാണോ അവസ്ഥ?

ഇങ്ങനെ വരുന്ന താത്ക്കാലികക്കാർ പറഞ്ഞാൽ ഇപ്പോഴത്തെ തടസ്സത്തിനും മെല്ലെപ്പോക്കിനും ഉത്തരവാദികളായ സർക്കാർ വകുപ്പുകളിലെ താപ്പാനകൾ മൈൻഡ് ചെയ്യുമോ?

പുതിയ സ്വപ്ന സുരേഷുമാർക്ക് പഴയ ശിവശങ്കർമാരുടെ ശുപാർശയിൽ കടന്നുവരാനാണോ യോഗ്യതകൾ പോലും എടുത്തുപറയാതെയുള്ള ഈ താത്ക്കാലിക നിയമനങ്ങൾ?

കിഫ്ബിക്കെതിരായ ആരോപണം:

മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ & മോണിറ്ററിംഗ് വകുപ്പിൽ ലക്ഷങ്ങൾ ശമ്പളത്തിൽ പ്രോജക്റ്റ് കോർഡിനേറ്റർ, ജൂനിയർ റിസോഴ്സ്പേഴ്സൺ എന്നീ തസ്തികകളിൽ 16 പേരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തത് ഇക്കഴിഞ്ഞ ദിവസം ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് 30നാണ് പ്രസ്തുത സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.

എന്നാൽ ഈ തസ്തികകളിൽ നിയമിക്കാനുള്ളവരുടെ ലിസ്റ്റ് മാസങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ഇപ്പോൾ അറിയുന്നത്. കിഫ്ബിയാണ് ഇവരുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രോജക്റ്റ് കോർഡിനേറ്ററായി 16 പേരുടേയും ജൂനിയർ റിസോഴ്സ് പേഴ്സണായി 36 പേരുടേയും ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവർ ഉടൻ ജോലിയിൽ പ്രവേശിക്കാനിരിക്കുകയാണെന്ന് അറിയുന്നു.

അതായത് നിയമിക്കപ്പെടേണ്ടവരെയൊക്കെ നേരത്തേ തന്നെ തീരുമാനിച്ചു വച്ചിട്ടുണ്ട്. എന്നിട്ടാണ് തസ്തിക പോലും സൃഷ്ടിക്കപ്പെട്ടത്. ഇവരൊക്കെ ആരുടെയൊക്കെ വേണ്ടപ്പെട്ടവരാണ് എന്നതിന്റെ വിശദാംശങ്ങളേ ഇനി അറിയാനുള്ളൂ.

കിഫ്ബിക്കിതിലെന്താണ് കാര്യമെന്നതും മനസ്സിലാവുന്നില്ല. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ നിയമനവും കിഫ്ബിക്കാണോ വിട്ടുകൊടുത്തിട്ടുള്ളത്? അതേത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? കിഫ്ബി പദ്ധതികളുടെ വിലയിരുത്തലിനാണെങ്കിൽ അതിന് കിഫ്ബിയിൽത്തന്നെ സംവിധാനങ്ങൾ നിലവിലുണ്ടല്ലോ. ഖജനാവിൽ നിന്ന് നേരിട്ട് ശമ്പളം നൽകേണ്ട സർക്കാർ വകുപ്പുകളിൽ നിയമനം നടത്തേണ്ടത് ഇതുപോലെ പുറംവാതിലിലൂടെയാണോ?
STORY HIGHLIGHTS: VT Balram says the CPI (M)'s resistance to allegations of illegal recruitment is his defeat at Trithala

Next Story