Top

'അക്കാദമിയുടെ തലപ്പത്തേക്ക് ബിജെപി പ്രചാരകനെ കൊണ്ടുവന്നത് ഇടതുപക്ഷത്തെ വളർത്താനാണോ'; മുഖ്യമന്ത്രിക്കെതിരെ സജീന്ദ്രന്‍

'മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് കമ്മ്യൂണിസം എല്ലാം എന്നേ പോയി കഴിഞ്ഞു ഇപ്പോൾ ഉള്ളത് പിണറായിസമാണ്'

28 Dec 2021 7:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്കാദമിയുടെ തലപ്പത്തേക്ക് ബിജെപി പ്രചാരകനെ കൊണ്ടുവന്നത് ഇടതുപക്ഷത്തെ വളർത്താനാണോ; മുഖ്യമന്ത്രിക്കെതിരെ സജീന്ദ്രന്‍
X

​ഗായകൻ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ രൂക്ഷ വിമർശനവുമായി കെപിസിസി വെെസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍. സംഗീത നാടക അക്കാദമിയുടെ തലപ്പത്തേക്ക് എംജി ശ്രീകുമാറിനെ പോലുള്ള ഒരു ബിജെപി പ്രചാരകനെ കൊണ്ടുവന്നത് ഇടതുപക്ഷത്തെ വളർത്തുവാൻ ആണോ എന്ന് സഖാക്കൾ ചിന്തിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. മാർക്സിസ്റ്റ് പാർട്ടിയിൽ ഇപ്പോൾ ഉള്ളത് പിണറായിസമാണെന്നും കേരളം ഭരിക്കുന്നത് ബിജെപിയാണെന്നും വി പി സജീന്ദ്രന്‍ വിമർശനമുയർത്തി.

'കേരളത്തിൽ ബിജെപിക്ക് ഒറ്റ എംഎൽഎ പോലും ഇല്ല, പക്ഷേ ഭരിക്കുന്നത് ബിജെപിയാണ്. സംഗീത നാടക അക്കാദമിയുടെ തലപ്പത്തേക്ക് എംജി ശ്രീകുമാറിനെ പോലുള്ള ഒരു ബിജെപി പ്രചാരകനെ കൊണ്ടുവന്നത് ഇടതുപക്ഷത്തെ വളർത്തുവാൻ ആണോ എന്ന് സഖാക്കൾ ചിന്തിക്കണം. പിണറായി വിജയനെ അടുത്തറിയാവുന്ന സഖാക്കൾക്ക് അറിയാം ബിജെപിയെ സുഖിപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും പിണറായി വിജയൻ പാഴാക്കില്ല.

മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് കമ്മ്യൂണിസം എല്ലാം എന്നേ പോയി കഴിഞ്ഞു ഇപ്പോൾ ഉള്ളത് പിണറായിസമാണ്. അതുകൊണ്ട് സഖാക്കൾ കൂടുതൽ വിമർശിക്കാതെ ഇരുന്നാൽ നിങ്ങൾക്ക് ഉള്ള സ്ഥാനങ്ങൾ പോവില്ല'

ബിജെപി അനുഭാവിയായ എംജി ശ്രീകുമാറിനെ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പേജുകളില്‍ വിമര്‍ശനം ശക്തമാണ്. സംവിധായകന്‍ ജിയോ ബേബി, മുന്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എംജി ശ്രീകുമാര്‍ മുന്‍പ് നടത്തിയ ബിജെപി അനുകൂല പ്രസ്താവനകള്‍, ബിജെപി വേദികളിലെ ചിത്രങ്ങള്‍ തുടങ്ങിയ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 'സംഘ് സഹയാത്രികന്‍ എം.ജി ശ്രീകുമാര്‍ ഇടത് സര്‍ക്കാറിന്റെ സംഗീത നാടക അക്കാദമി ചെയര്‍മാനാകും' എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പുകളില്‍ ബിജെപി വേദികളിലെ സാന്നിധ്യമായിരുന്നു എംജി ശ്രീകുമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനൊപ്പം അദ്ദേഹം പ്രചരണത്തില്‍ പങ്കെടുത്തു. കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം ആലപിച്ചതും എംജി ശ്രീകുമാറായിരുന്നു. 2016 ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാര്‍ പ്രചാരണം നടത്തിയിരുന്നു. കഴക്കൂട്ടത്തെ ബിജെപി വേദിയില്‍ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു.

ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴില്‍ കരുത്ത് പകരാന്‍ കേരളത്തില്‍ താമര വിരിയണമെന്നും എംജി ശ്രീകുമാര്‍ അന്ന് പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയായതിന് ശേഷം എംജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Next Story