Top

'കെ സുധാകരന്റെ പരാമര്‍ശം ഗൗരവതരം'; മതേതര നിലപാടില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ക്കില്ലെന്ന് വി ഡി സതീശന്‍

വാക്ക് പിഴയെന്ന കെ സുധാകരന്റെ വിശദീകരണത്തെ പൂര്‍ണ്ണമായും തള്ളുകയാണ് മുസ്ലിം ലീഗ്

15 Nov 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരന്റെ പരാമര്‍ശം ഗൗരവതരം; മതേതര നിലപാടില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ക്കില്ലെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും തുടര്‍ച്ചയായ പ്രസ്താവനകളില്‍ അന്വേഷണം നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കെ സുധാകരനോട് സംസാരിച്ചിട്ടുണ്ട്. പാര്‍ട്ടി ഗൗരവതരമായി തന്നെ ചര്‍ച്ച ചെയ്‌തെന്നും വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

'താന്‍ അതല്ല ഉദ്ദേശിച്ചത്, വാക്കു പിഴയാണെന്ന് കെപിസിസി പ്രസിഡന്റ് ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്. യുഡിഎഫിലേക്ക് ചര്‍ച്ച പോകുന്നതിന് മുമ്പ് എല്ലാവരേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തും.' വി ഡി സതീശന്‍ വിശദീകരിച്ചു.

അതേസമയം വാക്ക് പിഴയെന്ന കെ സുധാകരന്റെ വിശദീകരണത്തെ പൂര്‍ണ്ണമായും തള്ളുകയാണ് മുസ്ലിം ലീഗ്. ഇക്കാര്യത്തിലുള്ള അതൃപ്തി യുഡിഎഫിനെ ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന കെ സുധാകരന്റെ ഭാഗത്തുനിന്ന് തന്നെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീര്‍ എംഎല്‍എ പ്രതികരിച്ചു. നാളെ പാണക്കാട് ചേരുന്ന മുസ്ലീം ലീഗ് നേതൃയോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്യും.

പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞത്;

'മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് ചേര്‍ന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകര്‍ത്തത്. അവര്‍ ഒന്നിച്ച് ആലോചിച്ചാണ് ഒന്‍പത് വി.സിമാരെയും യു.ജി.സി നിയമം ലംഘിച്ച് നിയമിച്ചത്. ഇപ്പോള്‍ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണ്. സുപ്രീം കോടതി വിധിക്കെതിരായ ഈ സമരത്തെ ജനങ്ങള്‍ തമാശയായി മാത്രമെ കാണുകയുള്ളൂ. ഉന്നത വിദ്യാഭ്യാസരംഗം തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകാന്‍ വേണ്ടി നടത്തുന്ന നാടകമാണ് രാജ് ഭവനിലേക്കുള്ള സമരം. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ്.

കോര്‍പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് എല്‍.ഡി.എഫ് രാജ്ഭവനിലേക്ക് പ്രകടനം നടത്തിയത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമുണ്ടായിട്ടും സര്‍ക്കാര്‍ ഒരു ഇടപെടാത്തതില്‍ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണ്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ വലിയ അരക്ഷിതാവസ്ഥയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. മേയര്‍ ജില്ലാ സെക്രട്ടറിക്ക് അയച്ച് കത്ത് എവിടെ പോയി? ഒരു കത്ത് കത്തിച്ച് കളഞ്ഞെന്ന് പറയുന്നു. അപ്പോള്‍ തെളിവ് നശിപ്പിച്ചതിന് കേസെടുക്കില്ലേ? രണ്ട് കത്തും പോയത് പി.എസ്.സിയിലേക്കോ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളിലേക്കോ അല്ല ജില്ലാ സെക്രട്ടറിയുടെ കൈകളിലേക്കാണ്. കത്ത് നല്‍കിയത് ജില്ലാ സെക്രട്ടറിക്കായതിനാല്‍ അത് നശിപ്പിക്കപ്പെട്ടതും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും. സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിലെ തെളിവ് നശിപ്പിച്ചത്. ഫോണില്‍ കൂടി മൊഴിയെടുത്തും അന്വേഷണം നടത്തിയും അവസാനം പ്രധാന തെളിവായ കത്ത് ഇല്ലാതായി. തെളിവ് നശിപ്പിച്ചതിന് ഉത്തരവാദി സി.പി.എം ജില്ലാ സെക്രട്ടറിയാണ്. അതുകൊണ്ട് ജില്ലാ സെക്രട്ടറിയെ പ്രതിയാക്കി കേസെടുക്കണം. ജില്ലാ സെക്രട്ടറിയെ രക്ഷിക്കാനാണ് കത്ത് കൊടുത്തിട്ടില്ലെന്ന് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും നാടകമാണ്.

എം.വി ഗോവിന്ദനും പിണറായി വിജയനും എം.എ ബേബിയും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മൂന്ന് പി.ബി അംഗങ്ങളുടെ അറിവോടെയല്ലേ സി.പി.എം ബംഗാളില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചത്. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ രഹസ്യ ബന്ധമാണ് ഇപ്പോള്‍ ബംഗാളില്‍ പരസ്യമായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് നില്‍ക്കണമെന്നാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതേ പി.ബി അംഗങ്ങള്‍ തന്നെയാണ് കേരളത്തില്‍ വന്ന് കോണ്‍ഗ്രസ് നേതാക്കളുടേത് സംഘി മനസാണെന്ന് പറയുന്നത്. കേരളത്തിലും ബംഗാളിലും സഖ്യമുണ്ടാക്കിയ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ട. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോണ്‍ഗ്രസ് ഒരു കാലത്തും തയാറാകില്ല. നെഹ്‌റൂവിയന്‍ ആദര്‍ശങ്ങളെ മുറുകെപിടിച്ചേ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ. ഇക്കാര്യം ചിന്തന്‍ ശിവിറിലും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ നിന്നും മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തില്‍ ആദ്യമായി പറയാന്‍ തന്റേടം കാട്ടിയ മുന്നണിയും പാര്‍ട്ടിയുമാണ് യു.ഡി.എഫും കോണ്‍ഗ്രസും'

Story Highlights: VD Satheesan said K Sudhakaran's statements are serious

Next Story