'കൂട്ടിയ അത്ര കുറച്ചില്ലെങ്കിലും കുറച്ചതിനേക്കാള്‍ എത്രയോ ഇരട്ടി കൂട്ടിയിട്ടുണ്ട്'; അത്രയും ആശ്വാസമെന്ന് മന്ത്രി ശിവന്‍കുട്ടി
ഇന്ധന നികുതി കുറച്ചതായി സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചു.
21 May 2022 4:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ഇന്ധന നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയതിനെ ട്രോളി മന്ത്രി വി ശിവന്‍കുട്ടി. 'കൂട്ടിയ അത്ര കുറച്ചില്ലെങ്കിലും കുറച്ചതിനേക്കാള്‍ എത്രയോ ഇരട്ടി കൂട്ടിയിട്ടുണ്ട്' എന്നാണ് 2014ലെ കണക്കുകള്‍ ചൂണ്ടിക്കാണിച്ച് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്.
അതേസമയം, ഇന്ധന നികുതി കുറച്ചതായി സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചു. പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം ഭാഗികമായി കുറവ് വരുത്തിയതിനെ സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത്: ''കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതാണ്.''
നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപനം നടത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് എട്ടു രൂപയും ഡീസല്‍ ലിറ്ററിന് ആറ് രൂപയുമാണ് കേന്ദ്രം കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപ കുറയും. പണപെരുപ്പം രൂക്ഷമായതോടെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ഇതിന് പിന്നാലെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം.