Top

സൂരജ് പൂജപ്പുര സെൻട്രൽ ജയിലിൽ; ഒരാഴ്ചത്തെ കൊവിഡ് നിരീക്ഷണം; ശേഷം തടവിലേക്ക്

14 Oct 2021 7:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൂരജ് പൂജപ്പുര സെൻട്രൽ ജയിലിൽ; ഒരാഴ്ചത്തെ കൊവിഡ് നിരീക്ഷണം; ശേഷം തടവിലേക്ക്
X

ഉത്രകൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിനും 17 വർഷം തടവിനും ശിക്ഷിക്കപ്പെട്ട പ്രതി സൂരജിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. ഒരാഴ്ചത്തെ കൊവിഡ് നിരീക്ഷണത്തിനു ശേഷം സെല്ലിലേക്ക് മാറ്റും. നേരത്തെ റിമാൻഡ് തടവുകാരൻ എന്ന നിലയിൽ കൊല്ലം ജില്ലാ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതോടെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. ഇഡിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോവുന്ന കാര്യത്തിൽ പ്രോസിക്യൂഷൻ തീരുമാനമെടുത്തിട്ടില്ല. അതേസമയം ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂരജിന്റെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

കേസില്‍ പ്രതി സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്ത്യവുമാണ് കോടതി വിധിച്ചത്. ഇതിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

കേരളാ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായം കണക്കിലെടുത്താണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിയില്‍ തൃപ്തിയില്ലെന്നായിരുന്നു ഉത്രയുടെ മാതാപിതാക്കളുടെ പ്രതികരണം. അതേസമയം വിധിക്കെതിരെ ശക്തമായ പ്രതികരണമാണ് പ്രതിഭാഗം നടത്തിയത്. കോടതി വിധി ജനവികാരം കാരണമാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നതെന്നും കൊലപാതകം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസന്വേഷണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാണിച്ചാവും പ്രതിഭാഗം മേല്‍കോടതിയെ സമീപിക്കുക. പ്രോസിക്യൂഷൻ ചില കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്ന വാദവും മേല്‍ കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കും.

Popular Stories

    Next Story