Top

'ഹിന്ദി അടിച്ചേല്‍പിക്കല്‍ ചെറുത്തു തോല്‍പിക്കണം'; ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ശ്രമമെന്ന് മുഖ്യമന്ത്രി

നമ്മുടെ രാജ്യത്ത് ഹിന്ദി ഭൂരിപക്ഷ ഭാഷയല്ല. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നും ഹിന്ദി സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

22 Oct 2022 1:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹിന്ദി അടിച്ചേല്‍പിക്കല്‍ ചെറുത്തു തോല്‍പിക്കണം; ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ശ്രമമെന്ന് മുഖ്യമന്ത്രി
X

കോട്ടയം: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ചെറുത്തു തോല്‍പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ദേശീയ ഭാഷ എന്ന നിലയില്‍ ഹിന്ദിക്ക് അര്‍ഹമായ പ്രധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ചെയ്യുന്നത്. ഈ നയം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്ത് ഹിന്ദി ഭൂരിപക്ഷ ഭാഷയല്ല. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നും ഹിന്ദി സംസാരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കര്‍ഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നടപടികളിലൂടെ കേരളം ആരും കൊതിക്കുന്ന നാടാകുമെന്നും വിദേശത്തു നിന്നു കുട്ടികള്‍ പഠിക്കാന്‍ ഇവിടെ വരുമെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു. ഭാഷയില്‍ മാത്രമല്ല കോവിഡ് കാലത്ത് ജനങ്ങളോട് കാണിച്ച കരുതിലിന്റെ കാര്യത്തിലും കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ല. രാജ്യത്ത് ഒരുപാട് ആളുകള്‍ പട്ടിണി കിടന്നു. എന്നാല്‍ കേരളത്തില്‍ പട്ടിണി കിടന്ന എല്ലാ വീട്ടിലും ജനകീയ ഇടപെടല്‍ വഴി ഭക്ഷണം എത്തിച്ചു. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം കര്‍ഷക സമരം അവസാനിപ്പച്ചതിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ 26 ന് എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷക മുന്നേറ്റം നടത്തുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ സെക്രട്ടറി അറിയിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹാറാലിയില്‍ കാല്‍ ലക്ഷം കര്‍ഷകര്‍ അണിനിരന്നു. അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള, ഇ പി ജയരാജന്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, സംഘാടകസമിതി ചെയര്‍മാന്‍ എ വി റസ്സല്‍, കണ്‍വീനര്‍ കെ എം രാധാകൃഷ്ണന്‍, കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍, സെക്രട്ടറി വത്സന്‍ പനോളി, ട്രഷറര്‍ ഗോപി കോട്ടമുറിക്കല്‍, കിസാന്‍സഭ ഭാരവാഹികളായ കെ കെ രാഗേഷ്, വിജു കൃഷ്ണന്‍, പി കൃഷ്ണപ്രസാദ്, എസ് കെ പ്രീജ, പ്രൊഫ. എം ടി ജോസഫ് , ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുന്‍നിരയില്‍ അണിനിരന്നു.

പൊതുസമ്മേളന നഗരിയായ അയ്മനം ബാബു നഗറില്‍(തിരുനക്കര മൈതാനം) റാലി സമാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. എസ് രാമചന്ദ്രന്‍പിള്ള, വൈക്കം വിശ്വന്‍, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളന സുവനീര്‍ ഹന്നന്‍ മൊള്ള മന്ത്രി കെ എന്‍ ബാലഗോപാലിന് നല്‍കി പ്രകാശിപ്പിച്ചു.

STORY HIGHLIGHTS: The Chief Minister said 'Hindi imposition must be resisted and defeated

Next Story