'ഹായ് ശുഭാന്‍ഷു' ! അന്താരാഷ്ട്ര ബഹിരാകാശ നിലയം ഡല്‍ഹിയുടെ ആകാശത്ത്: ഐ ഫോണില്‍ പതിഞ്ഞ് ദൃശ്യങ്ങള്‍

ജൂലൈ ഒന്‍പതിന് അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും

dot image

ന്യൂഡല്‍ഹി: ശുഭാന്‍ഷു ശുക്ലയുള്‍പ്പെടെയുളള ബഹിരാകാശ സഞ്ചാരികൾ തങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഡല്‍ഹിയുടെ ആകാശത്ത് ദൃശ്യമായി. ഡല്‍ഹിയിലെ സൈനിക് ഫാമുകള്‍ക്ക് മുകളില്‍ ബഹിരാകാശ നിലയം വ്യക്തമായി കാണാൻ സാധിച്ചു. ഐ ഫോണ്‍ 16 ഉപയോഗിച്ച് ഡൽഹിയിൽ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ കുഞ്ഞനൊരു നക്ഷത്രം പോലെ തിളങ്ങുന്ന ബഹിരാകാശ നിലയം പതിഞ്ഞിട്ടുണ്ട്.

400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലയം ഒരു ദിവസം 15 തവണയിലധികം ഭൂമിയെ വലംവയ്ക്കുന്നുണ്ട്. ഒരു ഫുട്ബോള്‍ സ്‌റ്റേഡിയത്തിന്റെ വലിപ്പമുളള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റര്‍ നീളവും 72 മീറ്റര്‍ വീതിയുമാണുളളത്. 4.5 ലക്ഷം കിലോഗ്രാമാണ് ഭാരം.

ജൂലൈ ഒന്‍പതിന് അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. ഒന്‍പതിന് പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെ വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. തെളിഞ്ഞ ആകാശത്ത് മാത്രമേ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുകയുളളു.

ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല, അമേരിക്കന്‍ ആസ്‌ട്രോനട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുളള ടിബോര്‍ കാപു എന്നിവരടക്കം 11 പേരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുളളത്.

Content Highlights: International Space Station in the sky over Delhi: Footage captured on iPhone

dot image
To advertise here,contact us
dot image