
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന് മുമ്പായി സൂപ്പർതാരം വിരാട് കോഹ്‍ലിയെ കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഞാൻ വിരാട് കോഹ്‍ലിയും തമ്മിൽ ഒരു സൗഹൃദ സംഭാഷണമാണ് നടന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്‍ലിയുടെയും ശുഭ്മൻ ഗില്ലിന്റെയും ക്യാപ്റ്റൻസിയെക്കുറിച്ചും ഇതിനിടെയിൽ സംസാരിച്ചു. സ്കൈ ക്രിക്കറ്റ് പോഡ്കാസ്റ്റിൽ കാർത്തിക് പറഞ്ഞു.
'ആരാധകർ ഞാനൊരു മികച്ച ടെസ്റ്റ് ബാറ്ററാണെന്ന് പറയുന്നു. ടെസ്റ്റ് കരിയറിൽ ഞാൻ ബാറ്റിങ് ആസ്വദിച്ചിരുന്നു. സത്യം പറഞ്ഞാൽ, എനിക്ക് ക്യാപ്റ്റൻസി ലഭിച്ചത് എൻ്റെ ബാറ്റിങ്ങിന്റെ മികവിന് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്.' വിരാട് കോഹ്‍ലി പറഞ്ഞതായി ദിനേശ് കാർത്തിക് പ്രതികരിച്ചു. പിന്നാലെ ശുഭ്മൻ ഗില്ലിനെക്കുറിച്ച് കോഹ്‍ലി പറഞ്ഞ കാര്യങ്ങളും കാർത്തിക് പങ്കുവെച്ചു.
'ശുഭ്മൻ ഗില്ലും ഞാൻ പറഞ്ഞതിന് സമാനമായ കാര്യങ്ങൾ പറഞ്ഞതായും കോഹ്‍ലി കൂട്ടിച്ചേർത്തു. മുമ്പ് ബാറ്റ് ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായാണ് ക്യാപ്റ്റനായിരിക്കുമ്പോൾ ഗിൽ ക്രീസിലെത്തുന്നത്. ഇന്ത്യൻ ടീമിന്റെ ആവശ്യത്തിനാണ് ഗിൽ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. ഒരു ബാറ്റർ എന്ന നിലയിൽ സ്വന്തം സ്കോർ ഉയർത്തുന്നതിനെക്കുറിച്ച് ഗിൽ ചിന്തിക്കുന്നില്ല.' ശുഭ്മൻ ഗില്ലിനെക്കുറിച്ച് കോഹ്‍ലി പറഞ്ഞ ഇക്കാര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് കാർത്തിക് പ്രതികരിച്ചു.
'ഇതാണ് ക്രിക്കറ്റ് ലോകം ശ്രദ്ധിക്കേണ്ടത്. ഗില്ലിന് മികച്ച ബാറ്റിങ് നടത്താൻ അതിയായ ആഗ്രഹമുണ്ട്. കഴിവും സാങ്കേതിക തികവുമുണ്ട്. എന്നാൽ ഇപ്പോൾ ഗിൽ ചിന്തിക്കുന്നത് താൻ ടീം ക്യാപ്റ്റൻ ആണെന്നാണ്. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിക്കണം എന്ന് ഗിൽ ആഗ്രഹിക്കുന്നു. അതാണ് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കണ്ടത്. ഗില്ലിനെ വിലയിരുത്താൻ ഇനി ഒരുപാട് ടെസ്റ്റ് മത്സരങ്ങളുണ്ട്. ഇപ്പോൾ ഗിൽ ശരിയായ പാതയിലാണുള്ളത്.' കോഹ്‍ലി പ്രതികരിച്ചതായി കാർത്തിക് വ്യക്തമാക്കി.
Content Highlights: Dinesh Karthik reveals Test Captiancy talks with Virat Kohli