Top

ജഡ്ജി ഹണി എം വര്‍ഗീസിന് ആശ്വാസം; ഹൈക്കോടതി ഉത്തരവിലെ സിപിഐഎം അനുഭാവിയെന്ന പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേ

2 May 2022 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഡ്ജി ഹണി എം വര്‍ഗീസിന് ആശ്വാസം; ഹൈക്കോടതി ഉത്തരവിലെ സിപിഐഎം അനുഭാവിയെന്ന പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേ
X

ന്യൂഡല്‍ഹി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസിനെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. സിപിഐഎം പ്രവര്‍ത്തകരായ കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ മാറ്റിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമര്‍ശങ്ങള്‍.

ജഡ്ജിക്ക് സിപിഐഎം അടുപ്പമുണ്ട്, ദീപുവിന്റെ അച്ഛന്‍ കുഞ്ഞാറു ഉന്നയിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട് തുടങ്ങിയവയായിരുന്നു ഹൈക്കോടതി കണ്ടെത്തലുകള്‍. ഫേസ് ബുക്ക് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

ഹണി എം വര്‍ഗീസിന്റെ ഹര്‍ജി ആറാഴ്ച്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛന്‍ കുഞ്ഞാറു നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മേരി ജോസഫ് ജഡ്ജിക്ക് എതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്.

കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഐഎം ബന്ധമുണ്ടെന്നും തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നോട്ടീസോ മറ്റ് രേഖകളോ നല്‍കാന്‍ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നീതി ലഭിക്കില്ലെന്നും ജാമ്യ ഹര്‍ജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍, ആരോപിക്കപ്പെടുന്ന ഫേസ് ബുക്ക് പോസ്റ്റുകള്‍ ഹാജരാക്കപ്പെട്ടിരുന്നില്ലെന്ന് ജഡ്ജി ഹണി എം വര്‍ഗീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷക ലിസ് മാത്യുവും ആയിരുന്നു കോടതിയില്‍ ഹാജരായത്. രാഷ്ട്രീയ ബന്ധത്തെ സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം തികച്ചും അനാവശ്യമാണെന്നും ഇരുവരും വാദിച്ചു.

Content Highlight: Supreme Court stays mentions against high Court order Judge Honey M Varghese

Next Story