Top

ഷഹീന്‍ബാഗ് ഒഴിപ്പിക്കല്‍: 'എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയേണ്ട'; സിപിഐഎമ്മിനോട് സുപ്രീം കോടതി

9 May 2022 10:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷഹീന്‍ബാഗ് ഒഴിപ്പിക്കല്‍: എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയേണ്ട; സിപിഐഎമ്മിനോട് സുപ്രീം കോടതി
X

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയ സിപിഐഎമ്മിന് സുപ്രീം കോടതിയില്‍ തിരിച്ചടി. കോടതി എന്ത് ചെയ്യണമെന്ന് രാഷ്ട്രീയപാര്‍ട്ടി പറഞ്ഞ് തരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സിപിഐഎമ്മിന് എതിരെ രംഗത്ത് എത്തിയത്. ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി രണ്ട് ദിവസത്തേക്ക് എങ്കിലും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു സിപിഐഎം സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയിലെത്തിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്. 'നിങ്ങള്‍ ഹൈക്കോടതിയില്‍ പോലും പോകുന്നില്ല, നേരെ സുപ്രീം കോടതിയില്‍ വരുന്നു, ഇതെന്താണ്? ഒരു രാഷ്ട്രീയ പാര്‍ട്ടി ഇവിടെ വന്ന് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങളോട് പറയുന്നു. എന്ന വിമര്‍ശനത്തോടെ ആയിരുന്നു കോടതി ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിച്ചത്. ഒന്നുകില്‍ നിങ്ങള്‍ ഹര്‍ജി പിന്‍വലിക്കുക അല്ലെങ്കില്‍ ഹര്‍ജി കോടതി തള്ളേണ്ടിവരും' എന്നും ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ജനങ്ങളുടെ ജീവനോപാധി സംരക്ഷിക്കാന്‍ കോടതി ഇവിടെ ഉണ്ട്. പക്ഷേ നിങ്ങള്‍ ചെയ്യുന്നത് പോലെയല്ല. വീട് പൊളിക്കുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കാനാവില്ല. അത് നിയമവിരുദ്ധമാണ്. 'നിയമലംഘനം ഉണ്ടായാല്‍ ഞങ്ങള്‍ ഇടപെടും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതത്തിന് വഴങ്ങാനാവില്ല്. പകല്‍ മുഴുവന്‍ ഇവിടെ ചിലവഴിച്ചു. അതിന് പകരം ഹൈക്കോടതിയില്‍ പോകാമായിരുന്നു. ഷഹീന്‍ബാഗ് നിവാസികള്‍ കോടതിയെ സമീപിക്കട്ടെ എന്നും സുപ്രീം കോടതി ജഡ്ജിമാര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടി പ്രതിഷേധം കടുത്തതോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പൊളിക്കല്‍ നടപടി നിര്‍ത്തിവെച്ചത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കുടിയൊഴുപ്പിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഷെഹീന്‍ബാഗില്‍ നടന്നത്.

രാവിലെ 10.15 ഓടെയാണ് ഷഹീന്‍ബാഗിലെ തിരക്കേറിയ മാര്‍ക്കറ്റിലേക്ക് ബുള്‍ഡോസറുകള്‍ എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള പ്രതിഷേധക്കാര്‍ യന്ത്രത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വലിയ പൊലീസ് സന്നാഹത്തോടെ എത്തിയ ബുള്‍ഡോസറുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. നിലത്തു കിടന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ പ്രതിഷേധിച്ചു. സ്ഥലത്ത് എഎപിയുടെ ഓഖ്ല എംഎല്‍എ അമാനത്തുള്ള ഖാന്‍ സ്ഥലത്തെത്തി. പ്രദേശത്ത് നിലവില്‍ നിയമവിരുദ്ധമായ കെട്ടിടങ്ങള്‍ ഇല്ലെന്നും എല്ലാ കെട്ടിടങ്ങളും തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും ഖാന്‍ വ്യക്തമാക്കി.

Story Highlight: Supreme Court refused to entertain a petition By cpim Shaheen Bagh demolition drive

Next Story