'ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പരീക്ഷാ ഹാളിൽ മരുന്ന് കരുതാം'; കെടിയു
19 March 2023 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർഥികൾക്ക് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പേന, ഷുഗർ ടാബ്‌ലറ്റ് തുടങ്ങിയവ പരീക്ഷാ ഹാളിൽ കൊണ്ടുവരാൻ സാങ്കേതിക സർവകലാശാല (കെടിയു)യുടെ അനുമതി. അക്കാദമിക് കൗൺസിലിന്റേതാണ് തീരുമാനം. ഇതിനായി വിദ്യാർത്ഥികൾ കോളജ് അധികൃതരുടെ അനുമതി വാങ്ങണം.
ചോക്കലേറ്റ്, പഴങ്ങൾ, ലഘുഭക്ഷണം, വെള്ളം എന്നിവയും വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിൽ പ്രവേശിക്കുമ്പോൾ കെെവശം വെക്കാം. പേരന്റ് അസോസിയേഷൻ ഫോർ ദ് വെൽഫെയർ ഓഫ് ടൈപ്പ് വൺ ഡയബറ്റിക് ചിൽഡ്രൻ എന്ന സംഘടനയുടെ പ്രതിനിധി ബുഷ്‌റ ശിഹാബ് സമർപ്പിച്ച നിവേദനത്തിലാണ് അക്കാദമിക് കൗൺസിൽ തീരുമാനമെടുത്തത്. സംസ്ഥാനത്ത് സർവകലാശാലാ തലത്തിൽ ആദ്യമായാണ് നിർദേശം നടപ്പാക്കുന്നത്.
നേരത്തെ ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷാ സമയത്ത് അധിക സമയം അനുവദിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായത്. എസ്എസ്എൽസി, ഹയർ സെക്കന്ററി ബോർഡ് പരീക്ഷകൾക്ക് അടക്കം ഉത്തരവ് ബാധകമാണ്.
STORY HIGHLIGHTS: Students suffering from type one diabetes can carry medicine in exam hall KTU
- TAGS:
- KTU
- Type 1 diabetes
- Students