
ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ഇന്ത്യൻ പേസർ ആകാശ് ദീപ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ ആകാശ് ദീപെറിഞ്ഞ ഈ പന്ത് നോബോൾ ആണെന്നാണ് ചൂണ്ടിക്കാട്ടി ആരാധകരും ഇംഗ്ലണ്ട് മുൻ താരവും രംഗത്തെത്തിയിരുന്നു. ബൗളിങ്ങിനിടെ ആകാശ് ദീപിന്റെ പിന്നിലത്തെ കാൽ റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തിരുന്നതാണ് ആരാധക വിമർശനത്തിന് കാരണം. എന്നാൽ ഇത് നോബോൾ അല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് നിയമങ്ങള്‍ തയ്യാറാക്കുന്ന സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബിന്റെ വാക്കുകൾ.
'ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം, ഇന്ത്യൻ പേസ് ബൗളർ ആകാശ് ദീപ് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ടിനെ പുറത്താക്കിയതിന് പിന്നാലെ ചില വിവാദങ്ങൾ ഉയർന്നിരുന്നു. ചില കമന്റേറ്റർമാരും ആരാധകരും ആകാശിന്റെ പന്ത് നോബോൾ ആണെന്ന് വാദം ഉയർത്തിയിരുന്നു,' എം സി സി പ്രസ്താവനയിൽ പറയുന്നു.
'ആകാശ് ദീപിന്റെ പിൻകാൽ റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തിരുന്നെങ്കിലും തേർഡ് അംപയർ നോബോൾ വിളിച്ചിരുന്നില്ല. ഈ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കാൻ എംസിസി ആഗ്രഹിക്കുന്നു.'
'ബൗൾ ചെയ്യുമ്പോൾ, ബൗളറുടെ പിൻകാൽ റിട്ടേൺ ക്രീസിനുള്ളിൽ പതിക്കണം, റിട്ടേൺ ക്രീസിൽ സ്പർശിക്കാനോ അതിനപ്പുറം പോകാനോ പാടില്ല. അതുപോലെ, മുൻകാൽ പോപ്പിങ് ക്രീസിനുള്ളിൽ പതിക്കണം, ക്രീസിന് പുറത്തായിരിക്കരുത്. ഈ രണ്ട് നിബന്ധനകളും പാലിച്ചാൽ മാത്രമേ ഒരു ഡെലിവറി നിയമപരമായി ശരിയാകൂ.'
'ബൗളറുടെ മുൻകാലിന്റെ കുറച്ച് ഭാഗമെങ്കിലും പോപ്പിങ് ക്രീസിന് പിന്നിൽ പതിക്കണം. അതുപോലെ ബൗളറുടെ മുൻകാലിന്റെ കുറച്ച് ഭാഗമെങ്കിലും നിലത്തുറപ്പിച്ച നിലയിലോ അല്ലെങ്കിൽ ഉയർന്ന് നിൽക്കുന്ന നിലയിലോ മിഡിൽ സ്റ്റമ്പുകൾ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖയുടെ അതേ വശത്തായിരിക്കണം,' എം സി സി വ്യക്തമാക്കി.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിനിടെയാണ് സംഭവം. ആറ് റൺസ് മാത്രമെടുത്ത ജോ റൂട്ടിന് ആകാശ് ദീപിന്റെ റിപ്പർ ബോളിന് മുന്നിൽ കളിക്കാനെ കഴിഞ്ഞില്ല. സ്റ്റമ്പ് തെറിച്ച് വിക്കറ്റ് നഷ്ടമായ ജോ റൂട്ട് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാൽ സമൂഹമാധ്യമങ്ങളിൽ ആരാധകർ ചൂണ്ടിക്കാട്ടുന്ന ദൃശ്യങ്ങളിൽ ആകാശ് ദീപ് റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തിട്ടുണ്ട്. എന്നാൽ അംപയർ സംഘം നോബോൾ വിളിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നതോടെയാണ് മാർലിബോൺ ക്രിക്കറ്റ് ക്ലബ് വിശദീകരണവുമായി രംഗത്തെത്തിയത്.
ബിബിസി ടിഎംഎസിനായി കമന്ററി പറഞ്ഞിരുന്ന ഇംഗ്ലണ്ട് മുൻ താരം അലിസൺ മിച്ചൽ ആകാശ് ദീപിന്റെ കാൽ റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തുവെന്ന് പറഞ്ഞ് രംഗത്തെത്തി. എന്നാൽ റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തിരുന്നെങ്കിലും പന്ത് കൈയ്യിൽ നിന്ന് പന്ത് റിലീസാകുമ്പോൾ ആകാശിന്റെ കാൽ ക്രീസിനുള്ളിലാണെന്നും അതിനാൽ നോബോൾ അല്ലെന്നുമാണ് സഹകമന്റേറ്ററായിരുന്ന രവി ശാസ്ത്രി അലിസൺ മിച്ചലിന് മറുപടി നൽകിയിരുന്നു. സമാനമായ വിശദീകരണമാണ് മാർലിബോൺ ക്രിക്കറ്റ് ക്ലബും നൽകുന്നത്.
Content Highlights: MCC Breaks Silence On Row Over Joe Root Dismissal