Top

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്

എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.

14 April 2022 12:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നു; ഇന്ന് സിഐടിയുവിന്റെ റിലേ നിരാഹാരം, 28ന് സൂചനാ പണിമുടക്ക്
X

തിരുവനന്തപുരം: ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിലേക്ക്. ഇന്ന് മുതൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിന് മുന്നിൽ റിലെ നിരാഹാര സത്യാഗ്രഹം ആരംഭിക്കും. എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.

എല്ലാ എഐടിയുസി മെമ്പർമാരും കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കെത്തണമെന്നാണ് നിർദേശം. ഏപ്രിൽ 28 ന് സിഐടിയു സൂചനാ പണിമുടക്ക് നടത്തും. 28ന് ബിഎംഎസും അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു.

ഇതിനിടെ വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചതോടെ ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ ശമ്പള വിതരണത്തിനായി 77 കോടി രൂപയാണ് വേണ്ടത്. ബാക്കി തുക തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ശമ്പള വിതരണത്തിൽ അവ്യക്തത തുടരുകയാണ്.

വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് എഐടിയുസി മുന്നറിയിപ്പ് നൽകിയിരുന്നു. സമരം ചെയ്താൽ പൈസ വരുമോ എന്നായിരുന്നു പണിമുടക്ക് പ്രഖ്യാപനത്തെക്കുറിച്ചുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

Salary is delayed KSRTC employees go on strike

Next Story