'ബഫര്‍ സോണില്ല, പക്ഷെ സേഫ്റ്റി സോണ്‍ ഉണ്ട്'; പുതിയ വാദവുമായി മന്ത്രി സജി ചെറിയാന്
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ ആയിരുന്നു സില്‍വര്‍ലൈന്‍ ഡിപിആറില്‍ ഒരുമീറ്റര്‍പോലും ബഫര്‍ സോണ്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന് അവകാശപ്പെട്ടത്.
23 March 2022 7:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കെ റെയിലില്‍ ബഫര്‍ സോണില്ലെന്ന വാദത്തില്‍ ഉറച്ച് മന്ത്രി സജി ചെറിയാന്. കെ റെയിലില്‍ അഞ്ച് മീറ്റര്‍ സേഫ്റ്റി സോണാണ് ഉള്ളതെന്ന പുതിയ വാദവുമാണ് മന്ത്രിയുടേത്. സേഫ്റ്റി സോണില്‍ ഭൂമിയുടെ പൂര്‍ണ അവകാശം ഉടമയ്ക്കാണ്. അവര്‍ക്ക് ലോണ്‍ എടുക്കുകയും വില്‍ക്കുകയും ചെയ്യാമെന്നും സജി ചെറിയാന് പറഞ്ഞു.
'ബഫര്‍ സോണും സേഫ്റ്റി സോണുമാണും ഉണ്ട്. രണ്ടും രണ്ടാണ്. കെ റെയിലില്‍ 5 മീറ്റര്‍ സേഫ്റ്റി സോണാണ്. അത് അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനാണ്. അഞ്ച് മീറ്ററിനുള്ളില്‍ കണ്‍സ്ട്രക്ഷന്‍ പാടില്ല. അഞ്ച് മീറ്റര്‍ കഴിഞ്ഞാല്‍ കണ്‍സ്ട്രക്ഷന്‍ പറ്റും. സേഫ്റ്റി സോണ്‍ ആണെങ്കില്‍ അവര്‍ക്ക് ലോണ്‍ എടുക്കാം, വിലക്കാം. ഭൂമിയുടെ പൂര്‍ണ അവകാശം ഉടമക്കാണ്. ബഫര്‍ സോണ്‍ ആണെന്ന വാദം തെറ്റിദ്ധാരണയുണ്ടാക്കാന്‍.' സജി ചെറിയാന് പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണവെ ആയിരുന്നു സില്‍വര്‍ലൈന്‍ ഡിപിആറില്‍ ഒരുമീറ്റര്‍പോലും ബഫര്‍ സോണ്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന് അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം തിരുത്തിയ കെറെയില്‍ എംഡി വി അജിത്കുമാര്‍ സില്‍വര്‍ലൈന്‍ പാതയ്ക്ക് 10 മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതില്‍ അഞ്ചുമീറ്ററിനുള്ളില്‍ നിര്‍മാണം അനുവദിക്കില്ലെന്നും ഈ ഭൂമിക്കുകൂടി നഷ്ടപരിഹാരം നല്കുന്ന കാര്യം സര്ക്കാരിന്റെപരിഗണനയിലുണ്ടെന്നുമായിരുന്നു അജിത്കുമാറിന്റെ നിലപാട്.
ബഫര്‍ സോണ്‍ വിവാദത്തില്‍ സജി ചെറിയാനെ തിരുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.മന്ത്രി പറയുന്നതല്ല, കെ റെയില്‍ എംഡി പറയുന്നതാണ് ശരിയെന്നായിരുന്നു കോടിയേരി പറഞ്ഞത്. എന്നാല്‍ ബഫര്‍ സോണില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മന്ത്രി.