Top

'ട്രാന്‍സ്ജെന്‍ഡര്‍, വനിതാ അവകാശങ്ങളില്‍ ലീഗ് നിലപാടെന്ത്?'; സാദിഖലി തങ്ങളുടെ മറുപടി ഇങ്ങനെ

''തദ്ദേശസ്ഥാപനങ്ങളില്‍ രണ്ടായിരത്തിലധികം വനിതാ പ്രതിനിധികള്‍ ഉള്ള സംഘടനയാണ് മുസ്ലീം ലീഗ്.''

10 July 2022 1:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രാന്‍സ്ജെന്‍ഡര്‍, വനിതാ അവകാശങ്ങളില്‍ ലീഗ് നിലപാടെന്ത്?; സാദിഖലി തങ്ങളുടെ മറുപടി ഇങ്ങനെ
X

കൊച്ചി: മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും സ്ത്രീ പ്രാതിനിധ്യം മുസ്ലീം ലീഗില്‍ ഉണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. തദ്ദേശസ്ഥാപനങ്ങളില്‍ രണ്ടായിരത്തിലധികം വനിതാ പ്രതിനിധികള്‍ ഉള്ള സംഘടനയാണ് മുസ്ലീം ലീഗ്. എന്നാല്‍ സ്ത്രീകള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടരുതെന്ന് നിര്‍ദേശിക്കുന്ന ചില മുസ്ലീം സംഘടനകള്‍ ഉണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഹരിത വിഷയം പരാമര്‍ശിച്ചുകൊണ്ടാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം വിശദീകരിച്ചത്.

''അച്ചടക്കലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഹരിത കമ്മിറ്റി പിരിച്ചുവിട്ടത്. എന്നാല്‍ പുതുതായി രൂപീകരിച്ച കമ്മിറ്റി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്. പിരിച്ചുവിട്ട ഹരിതയിലെ അംഗങ്ങള്‍ ഇപ്പോഴും മുസ്ലീം ലീഗില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.'' സാദിഖലി തങ്ങള്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ റൈറ്റ്സ്, കൂടുതല്‍ സ്ത്രീ പങ്കാളിത്തം തുടങ്ങിയ പ്രശ്നങ്ങളെ മുസ്ലീം ലീഗ് എങ്ങനെയാണ് അഭിസംബോധന ചെയ്യുക, ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നല്ലോയെന്ന ചോദ്യത്തിനായിരുന്നു തങ്ങളുടെ മറുപടി.

''ഓരോ മത സംഘടനകള്‍ക്കും അതിന്റേതായ താല്‍പ്പര്യങ്ങളുണ്ട്. മുസ്ലീം ലീഗ് അവരുടെ നിലപാടുകളെ വിധിക്കാനില്ല. ഇക്കാര്യത്തില്‍ സമസ്തയുടെ നിലപാട് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത എടുക്കുന്ന തീരുമാനങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടി ഇടപെടുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല.'' മത പുരോഹിതരുടെ ഒരു വേദിയാണ് സമസ്ത, അതിന് മത സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ പ്രതികരണം. എന്നാല്‍ എല്‍ജിബിടിക്യൂഐയെക്കുറിച്ചും ചോദ്യത്തില്‍ പരാമര്‍ശം ഉണ്ടെങ്കിലും സാദിഖലി തങ്ങള്‍ മറുപടി നല്‍കിയില്ല.

Next Story

Popular Stories