Top

ഭിന്നതയുടെ കാലത്ത് പാർട്ടി പക്ഷക്കാരൻ; വിഎസിനെ ബന്ധിപ്പിച്ച് നിർത്തിയ കണ്ണി

ഇരു വിഭാ​ഗത്തിനിടയിലും അത്രയേറെ സ്വീകര്യനാകത്തക്കവണ്ണം അടിമുടി പാ‍ർട്ടിക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണൻ

1 Oct 2022 8:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭിന്നതയുടെ കാലത്ത് പാർട്ടി പക്ഷക്കാരൻ; വിഎസിനെ ബന്ധിപ്പിച്ച് നിർത്തിയ കണ്ണി
X

സിപിഐഎമ്മിലെ ഭിന്നത നിരന്തരം വാ‍ർത്തകളിൽ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. വി എസ്-പിണറായി പക്ഷ പോരിന്റെ കാലഘട്ടമായിരുന്നു അത്. ഒരു വിഭാഗം വിഎസിന്റെ ഒപ്പവും മറ്റൊരു വിഭാ​ഗം പിണറായിക്ക് ഒപ്പവും അണിനിരന്നു. ഔദ്യോ​ഗിക പക്ഷത്തോടൊപ്പമായിരുന്നു കോടിയേരി. എങ്കിലും പാർട്ടിയിലെ പൊട്ടിത്തെറികളും ഭിന്നതകളും പിളർപ്പിലേക്ക് പോകാതെ കാത്തത് കോടിയേരിയുടെ നയതന്ത്രഞ്ജതയായിരുന്നു. ഇരു വിഭാ​ഗത്തിനിടയിലും അത്രയേറെ സ്വീകര്യനാക്കത്തക്കവണ്ണം അടിമുടി പാ‍ർട്ടിക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

ഏതാണ്ട് 2003ന് ശേഷമാണ് സിപിഐഎമ്മിൽ വി എസ് അച്യുതാനന്ദൻ - പിണറായി വിജയൻ പക്ഷങ്ങൾ രൂപം കൊളളുന്നത്. പാ‍‍ർട്ടിക്കുളളിലെ ഭിന്നത സംസ്ഥാന സിപിഐഎമ്മിനെ പിടിച്ചുകുലുക്കിയിരുന്നു. തിരുവനന്തപുരത്തെ പാറശാല മുതൽ മഞ്ചേശ്വരത്തെ ഓട്ടോ സ്റ്റാൻഡ് വരെ സിപിഐഎമ്മിന്റെ അണികൾ വിഎസ്- പിണറായി പക്ഷങ്ങളായി ചേരിതിരിഞ്ഞു.

2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദന് പാർട്ടി സീറ്റ് നൽകാതെ വന്നതോടെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ വി എസിന് സീറ്റ് നൽകാൻ പാ‍ർട്ടി നിർബന്ധിതമായി. ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും എൽഡിഎഫ് നേടി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി അധികാരത്തിലേറി. എന്നാൽ പിന്നീട് പാർട്ടിക്കുളളിൽ വലിയ സംഭവവികാസങ്ങളാണ് ഉണ്ടായത്. വി എസും പിണറായിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയുണ്ടായി. ഇരുവരും തമ്മിലുളള പ്രശ്നങ്ങൾ നിരന്തരം വാ‍‍ർത്തകളിൽ ഇ‍ടം നേടി. ഈ സമയത്ത് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയുടെ ഇടം കെെയ്യായി നിലനിന്നിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എന്നാൽ വിഭാഗീയതയുടെ കനലുകൾ ഒരിക്കലും വിഎസ് –കോടിയേരി ബന്ധത്തെ ബാധിച്ചില്ല. കോടിയേരിയുമായി വിഎസ് സൗമ്യമായി ഇടപെട്ടു. പിണറായി, വിഎസ് പക്ഷങ്ങൾക്കിടയിൽ പക്ഷപാതമില്ലാതെ നിൽക്കാൻ സഹായിച്ചത് കോടിയേരിയുടെ പാർട്ടിയോടുളള കൂറായിരുന്നു.

പാര്‍ട്ടിയും സര്‍ക്കാരും രണ്ടായി നിന്നപ്പോള്‍ സന്ദേശവാഹകനായി കോടിയേരി നിലനിന്നു. അകന്നുനിന്ന സമയത്ത് ഔദ്യോ​​ഗിക പക്ഷത്തിന്റെ നിലപാടുകൾ വി എസിനെ അറിയിച്ചിരുന്നത് കോടിയേരിയായിരുന്നു. രണ്ട് തുരുത്തുകളെ യോജിപ്പിച്ച കണ്ണിയായി കോടിയേരി മാറുകയായിരുന്നു. വിഎസിന്റെ കോട്ടകളായിരുന്ന പാര്‍ട്ടി ജില്ലാ ഘടകങ്ങളിലും കീഴ് ഘടകങ്ങളിലും കോടിയേരി സ്വീകാര്യനായി തുട‍ർന്നു. പക്ഷങ്ങൾക്കിടയിൽ ഒരു കോടിയേരി പക്ഷം ഒരിക്കലും ഉണ്ടായില്ല എന്നത് എടുത്ത് പറയേണ്ട ഒന്നാണ്. വിഭാഗീയത രൂക്ഷമായ ഘട്ടത്തിൽ മുഖ്യമന്ത്രിയായ വിഎസിൽ നിന്ന് ആഭ്യന്തര വകുപ്പ് എടുത്തു മാറ്റിയപ്പോൾ മന്ത്രിയായി എത്തിയതും കോടിയേരിയാണ്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തുന്നു. ശേഷം 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി എൽഡിഎഫ് സ‍ർക്കാ‍ർ അധികാരത്തിൽ വരുന്നു. എന്നാൽ ഇതിന് ശേഷം വി എസിന് പാർട്ടിക്കുളളിൽ ഉണ്ടായിരുന്ന സ്വീകാര്യത മങ്ങുന്നതാണ് കാണാനായത്. പിന്നീട് സിപിഐഎം രാഷ്ട്രീയം പിണറായി എന്ന ഏക നേതാവിലേക്ക് കൂടുമാറുന്നതും പാർട്ടിയുടെ പടനായകനായി പിണറായി മാറുന്നതും പാർട്ടി സാക്ഷ്യം വഹിച്ചു. 2015ൽ പാ‍ർട്ടിയെ നയിക്കാൻ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കോടിയേരി എത്തിയതോടെ പാ‍ർട്ടിക്കകത്തെ വിഭാ​ഗീയത എന്ന് വിളിച്ചിരുന്നതടക്കമുളള പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. സങ്കീർണമായ പ്രശ്നങ്ങളെ ഇഴകീറി പരിശോധിച്ച് ആരെയും പിണക്കാതെ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള മധ്യസ്ഥനായിരുന്നു അദ്ദേഹം.

സിപിഐ-സിപിഐഎം തർക്കം രൂക്ഷമായ സന്ദർഭങ്ങളിലും പാർട്ടി അനുനയ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത് കോടിയേരിയെയാണ്. വിഎസ് സർക്കാരിന്റെ കാലത്ത് സിപിഐയുമായുള്ള ബന്ധം തീർത്തും വഷളായി. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പരസ്യമായി കൊമ്പുകോർത്തപ്പോൾ രംഗം ശാന്തമാക്കിയത് കോടിയേരിയുടെ ഇടപെടലുകളായിരുന്നു.

Next Story