'വടി കിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല, പരിധി വിടരുത്'; സമസ്തയെ പ്രതിരോധിച്ച് മുസ്ലീം ലീഗ്
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ആയിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്
15 May 2022 6:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മുതിര്‍ന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമസ്തയെ പ്രതിരോധിച്ച് മുസ്ലീം ലീഗ്. കയ്യില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസാമൂഹിക വിദ്യാഭ്യാസ മേഖലയിലെ സമസ്തയുടെ പങ്ക് വിസമരിച്ചുകൊണ്ട് ദിവസങ്ങളോളം 'വടികൊണ്ട് അടിക്കുന്നത്' ഭംഗിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.
'കയ്യില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ച് നടത്തുന്നുണ്ടിവിടെ. അത്തരത്തില്‍ ഒരു സംഘടനയെ വടികിട്ടിയാല്‍ അടിക്കുന്നമാതിരി ദിവസങ്ങളോളം കൊണ്ടു പോകുന്നത് ഭംഗിയല്ല. അത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. അടിക്കുന്നതിന് പരിധിയുണ്ട്. പരിധി വിടരുത്.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ആയിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. സമസ്തയുടെ മുതിര്‍ന്ന നേതാവ് എംടി അബ്ദുള്ള മുസ്ലിയാരായിരുന്നു വേദിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ച വ്യക്തിയെ ആക്ഷേപിച്ച് സംസാരിച്ചത്. 'പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പൊതുവേദിയില്‍ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത് മേലാല്‍ ഇത് ആവര്‍ത്തിക്കരുത്' എന്നായിരുന്നു എംടി അബ്ദുള്ള മുസ്ലിയാരുടെ പൊതുവേദിയിലെ ആക്രോശം. പിന്നാലെ സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ പെണ്‍കുട്ടികളെ വേദിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ ഗുണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളെ പ്രതിരോധിച്ച് സമസ്ത രംഗത്തെത്തി. നേതാക്കള്‍ വേദിയില്‍ വരുന്ന പെണ്‍കുട്ടികളുടെ ലജ്ജ കണക്കിലെടുത്താണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് എന്നായിരുന്നു അവകാശവാദം. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, വിവാദത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ നടപടികളെ ന്യായീകരിച്ചത്.