Top

'എന്റെ കണ്ടെത്തലല്ല, എല്ലാം കേട്ടറിഞ്ഞത് മാത്രം'; ചോദ്യം ചെയ്യലില്‍ പി സി ജോര്‍ജ്

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിക്ക് മുമ്പാകെയായിരുന്നു ഹാജരായത്.

7 Jun 2022 1:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ കണ്ടെത്തലല്ല, എല്ലാം കേട്ടറിഞ്ഞത് മാത്രം; ചോദ്യം ചെയ്യലില്‍ പി സി ജോര്‍ജ്
X

തിരുവനന്തപുരം: തലസ്ഥാനത്തെ മത വിദ്വേഷ പ്രസംഗത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും നേരിട്ട് അറിവുള്ളതല്ലെന്ന് ചോദ്യം ചെയ്യലില്‍ മുന്‍ എംഎല്‍എ കൂടിയായ പി സി ജോര്‍ജ്. സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രസംഗിച്ചത്, ചിലര്‍ ഫോണിലൂടേയും ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും പി സി ജോര്‍ജ് പറഞ്ഞു. ഫോര്‍ട്ട് പൊലീസിന്റെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രസംഗത്തില്‍ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും ഗൂഢാലോചനയാണെന്നും പി സി ജോര്‍ജ് ആവര്‍ത്തിച്ചു. പ്രസംഗത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവുണ്ടോയെന്നായിരുന്നു പ്രധാന ചോദ്യം. എന്നാല്‍ അതൊക്കെ തന്റെ കണ്ടെത്തലോ, വാക്കുകളോ അല്ലെന്നും മതവിദ്വേഷം ലക്ഷ്യമിട്ടിട്ടില്ലെന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറുപടി.

ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിക്ക് മുമ്പാകെയായിരുന്നു ഹാജരായത്. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പിസി തൃക്കാക്കരയിലേക്കാണ് പോയത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ച ശേഷമായിരുന്നു തൃക്കാക്കരയ്ക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഇതില്‍ ജാമ്യ ഉപാധിയുടെ ലംഘനം നടന്നിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, ഹാജരാകാന്‍ പി സിക്ക് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു പി സി ജോര്‍ജ്.

Next Story