Top

തൃക്കാക്കരയില്‍ ഒരു വിജയപ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി രാജീവ്; 'അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടേയില്ല'

''തൃക്കാക്കര കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയാണെന്ന് ഇടതുമുന്നണിക്ക് അറിയാം.''

31 July 2022 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയില്‍ ഒരു വിജയപ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി രാജീവ്; അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടേയില്ല
X

തൃക്കാക്കരയില്‍ ഒരു വിജയപ്രതീക്ഷയും എല്‍ഡിഎഫിന് ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പി രാജീവ്. കോണ്‍ഗ്രസിന്റെ ശക്തമായ അഞ്ച് കോട്ടകളിലൊന്നാണ് തൃക്കാക്കര. മണ്ഡലത്തില്‍ കോണ്‍ഗ്രസ് തോറ്റിരുന്നെങ്കില്‍ യുഡിഎഫ് ഇപ്പോള്‍ കരിഞ്ഞുണങ്ങുമായിരുന്നെന്ന് പി രാജീവ് പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി രാജീവിന്റെ പരാമര്‍ശങ്ങള്‍.

''തൃക്കാക്കര കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയാണെന്ന് ഇടതുമുന്നണിക്ക് അറിയാം. എങ്കിലുമൊരു പോരാട്ടം നടത്താന്‍ തീരുമാനിച്ചു. ഞങ്ങളുടെ വോട്ട് വിഹിതം കുറഞ്ഞിരുന്നെങ്കില്‍, ഞങ്ങള്‍ തെറ്റാണെന്ന് നിങ്ങള്‍ക്ക് പറയാം. എങ്കിലും പ്രതീക്ഷിച്ചതുപോലെ ചില വിഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിക്കുന്നു.''-മന്ത്രി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുത്തത് സംബന്ധിച്ചും മന്ത്രി രാജീവ് മറുപടി നല്‍കി.

''തെരഞ്ഞെടുപ്പ് ക്യാമ്പയില്‍ സംബന്ധിച്ച ഞങ്ങളുടെ തീരുമാനം ശരിയായിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ തീര്‍ച്ചയായും മാധ്യമശ്രദ്ധ നേടും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രാദേശിക റാലിയില്‍ പ്രസംഗിച്ചാല്‍ അത് അനാവശ്യ പ്രചാരണമാണെന്ന് വിമര്‍ശിക്കും. എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി കുടുംബയോഗത്തില്‍ പങ്കെടുത്തപ്പോള്‍ ആഘോഷിച്ചു. അതാണ് വ്യത്യാസം.''

തൃക്കാക്കരയില്‍ കെഎസ് അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടേയില്ലായിരുന്നെന്നും പി രാജീവ് പറഞ്ഞു. അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും രാജീവ് പറഞ്ഞു.

'രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം പോരെന്ന പ്രചരണം'; മറുപടി

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രകടനം പോരെന്ന പ്രചരണത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്. പ്രതിപക്ഷ പിന്തുണയില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രചരണമാണ് അതെന്നും സര്‍ക്കാര്‍ മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി രാജീവ് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യത്തേത് പോലെ മികച്ചതാണെങ്കില്‍ സ്വാഭാവികമായും മൂന്നാമതും ഇടതുപക്ഷം അധികാരത്തിലേറുമെന്ന് മന്ത്രി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മന്ത്രി പി രാജീവ് പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''പ്രതിപക്ഷത്തിന്റെ പിന്തുണയോടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രചരണത്തിന്റെ ഭാഗമാണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യത്തേത് പോലെ മികച്ചതാണെങ്കില്‍ സ്വാഭാവികമായും മൂന്നാമതും ഇടതുപക്ഷം അധികാരത്തിലേറും. അത് അതിജീവിക്കില്ലെന്ന് പ്രതിപക്ഷത്തിന് അറിയാവുന്നത് കൊണ്ട് അവര്‍ ആ സാധ്യതയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്നു.''

''സത്യപ്രതിജ്ഞ ചെയ്യാന്‍ സ്റ്റേറ്റ് കാര്‍ ഒന്നില്‍ എത്തി അതേ കാറില്‍ മടങ്ങിയ ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. അതാണ് പിണറായി വിജയന്‍. ഇതെല്ലാം അദ്ദേഹം നേടിയത് മാധ്യമങ്ങളുടെ പിന്തുണയില്ലാതെയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മാധ്യമങ്ങള്‍ പിണറായി വിജയനെ വേട്ടയാടുകയാണ്. അദ്ദേഹം വിജയിച്ചത് അദ്ദേഹം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ടാണ്. എല്ലാവരുടെയും ശബ്ദമുള്ള, അവരെ കേള്‍ക്കുന്ന കൂട്ടായ സര്‍ക്കാരാണ് ഇടതുമുന്നണിയുടേത്. എല്‍ഡിഎഫ് പ്രകടനപത്രിക അനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.''

''എല്ലാവരും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും തീരുമാനങ്ങള്‍ കൂട്ടായി എടുക്കുകയും ചെയ്യുന്ന തുറന്ന ചര്‍ച്ചയാണ് മന്ത്രിസഭാ യോഗങ്ങളില്‍ നടക്കുന്നത്. എന്നാല്‍ ഒരു തീരുമാനമെടുത്താല്‍, ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടോടെ അത് പിന്തുടരും. അതാണ് എല്‍ഡിഎഫിന്റെ അച്ചടക്കം.''

Next Story

Popular Stories