Top

മധു കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവുന്നില്ല; ​​ഗൗരവമായി കാണുന്നെന്ന് പി രാജീവ്

26 Jan 2022 5:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മധു കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവുന്നില്ല; ​​ഗൗരവമായി കാണുന്നെന്ന് പി രാജീവ്
X

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധമുയരവെ പ്രതികരണവുമായി നിയമമമന്ത്രി പി രാജീവ്. കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്തത് ​ഗൗരവമായി കാണുന്നു. എന്നാൽ പ്രോസിക്യൂട്ടറെ മാറ്റണമോ എന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പ്രോസിക്യൂട്ടറിനെതിരെ കുടുംബത്തിന് പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും പി രാജീവ് പറഞ്ഞു.

അതേസമയം മധു കൊലക്കേസില്‍ നീതി തേടി കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന് നാല് വര്‍ഷമായിട്ടും വിചാരണ നടപടികള്‍ പോലും ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി 26 ലേക്ക് മാറ്റി.

കേസില്‍ സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയോഗിച്ച വിടി രഘുനാഥ് കോടതിയില്‍ ഹാജരായിരുന്നില്ല. പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസില്‍ നിന്നും ഒഴിയാന്‍ നേരത്തെ പ്രോസിക്യൂട്ടര്‍ കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയായാണ് ഇയാള്‍ തുടര്‍ച്ചയായി കോടതിയില്‍ നിന്നും ഹാജറാവുന്നതില്‍ നിന്ന് വിട്ട് നിന്നത്.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.

Next Story