
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ പരാതിയുമായി ഹാളിലെത്തിയത് എസ്‌ഐ ആയി വിരമിച്ചയാളെന്ന് വിവരം. ബഷീര്‍ വി പിയെന്നാണ് സര്‍വ്വീസ് രേഖകളില്‍ തന്റെ പേരെന്നും കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റേഷനിലാണ് അവസാനം ജോലി ചെയ്തതെന്നും മാധ്യമ പ്രവര്‍ത്തകരോട് പരാതിക്കാരന്‍ പറഞ്ഞു. ഡിജിപിയുടെ വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തുകയെന്ന ഉദ്ദ്യേശം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചു. ബഷീര്‍ വി പി. കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് സ്റ്റേഷനിലാണ് അവസാനം ജോലി ചെയ്തത്. 2023 ലാണ് വിരമിച്ചത്. ഓരോ ഫയലും ഓരോ ജീവിതമാണ്. തന്റെ ഭാര്യ സാജിത കൊടുത്ത പരാതിയില്‍ തീരുമാനം ആയിട്ടില്ല', കയ്യില്‍ കരുതിയ ചിത്രം കാണിച്ചാണ് പരാതിക്കാരന്‍ ഇക്കാര്യം പറഞ്ഞത്. മര്‍ദ്ദിക്കാതെ ഫോട്ടോ വരില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
സന്ദര്‍ശക റൂമില്‍ ഇരിക്കുകയായിരുന്ന തന്നെ നിര്‍ബന്ധപൂര്‍വ്വം വാര്‍ത്താ സമ്മേളനം നടക്കുന്ന ഇടത്തേയ്ക്ക് പറഞ്ഞുവിടുകയായിരുന്നു. ചടങ്ങ് അലങ്കോലപ്പെടുത്തുകയെന്ന ഉദ്ദ്യേശം ഉണ്ടായിരുന്നില്ല. പരിപാടി കഴിഞ്ഞ് കണ്ടോളാം എന്നുപറഞ്ഞാണ് ഇരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയായിരുന്നു പരാതിക്കാരന്‍ ഹാളിലേക്ക് എത്തിയത്. മുപ്പത് വര്‍ഷം സര്‍വ്വീസില്‍ അനുഭവിച്ച വേദനകള്‍ എന്നു പറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിച്ചാണ് പരാതി ഉന്നയിച്ചത്. പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. താന്‍ നേരിട്ട ദുരനുഭവത്തില്‍ പൊലീസുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാകാം പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശനം നേടിയിട്ടുണ്ടാവുകയെന്നാണ് സൂചന.
Content Highlights: Complainant who entered in to dgp ravada chandrasekhar ips Press Meet