
പട്ന: നടുക്കുള്ള മരങ്ങൾ പോലും മുറിച്ചുമാറ്റാതെ അവയ്ക്ക് ചുറ്റും ടാർ ചെയ്തുള്ള ബിഹാറിലെ വിചിത്ര റോഡുപണി വിവാദമാകുന്നു. ജഹാനാബാദ് ജില്ലയിലൂടെ കടന്നുപോകുന്ന പട്ന-ഗയ മെയിൻ റോഡിന്റെ ഭാഗമായ പാതയിലാണ് ഇത്തരത്തിൽ വിചിത്രമായ നിർമ്മാണം നടന്നിരിക്കുന്നത്. റോഡിന്റെ നടുഭാഗത്തുള്ള മരങ്ങൾ പോലും വെട്ടാതെയുള്ള ഈ നിർമ്മാണത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ഏഴര കിലോമീറ്റർ റോഡ് വീതികൂട്ടാൻ 100 കോടിയാണ് അധികൃതർ ചെലവഴിച്ചത്. എന്നിട്ടും റോഡിന് നടുവിലെ മരങ്ങളും മറ്റും വെട്ടിമാറ്റിയിട്ടില്ല. വിവിധ വകുപ്പുകളും വനംവകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഇത്തരത്തിലൊരു അലസതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ റോഡ് വീതികൂട്ടുമ്പോൾ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പിനോട് അനുമതി തേടിയിരുന്നു. എന്നാൽ വിട്ടുനൽകുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു. ഈ ആവശ്യം ജില്ലാ ഭരണകൂടം അവഗണിച്ചുവെന്നും മരങ്ങൾ വെട്ടാതെ റോഡിന്റെ വീതി കൂട്ടിയെന്നുമാണ് റിപ്പോർട്ട്. നിലവിൽ പണി തീർന്ന റോഡിൻ്റെ മധ്യത്തിലായി വാഹനഗതാഗതത്തെ സാരമായി ബാധിക്കുന്ന നിലയിലാണ് മരങ്ങളുള്ളത്.
വലിയ വിമർശനമാണ് ഈ റോഡുപണിക്കെതിരെ ഉയരുന്നത്. ജില്ലാ ഭരണകൂടത്തിനും സർക്കാരിനുമെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മരങ്ങൾ ഇനി മുറിച്ചാൽ റോഡിന് കേടുപാട് സംഭവിക്കുമോ എന്ന ആശങ്കയും അധികാരികൾക്കുണ്ട്. അതിനാൽ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ.
Content Highlights: 100 crore road with trees in middle!, bihar road sparks controversy