Top

'തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാര'; ആവിക്കല്‍ സമരത്തിനെതിരെ വീണ്ടും പി മോഹനന്‍

9 Aug 2022 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാര; ആവിക്കല്‍ സമരത്തിനെതിരെ വീണ്ടും പി മോഹനന്‍
X

കോഴിക്കോട്: ആവിക്കല്‍ മലിനജല സംസ്‌കരണ പ്ലാന്റ് സമരത്തിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. സമരം ചെയ്യുന്നവരിലെ തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പി മോഹന്‍ ആരോപിച്ചു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അക്രമ പ്രവര്‍ത്തനങ്ങളിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് - എസ്ഡിപിഐ കൂട്ടുകെട്ടിനെതിരേ എല്‍ഡിഎഫ് പുതിയകടവില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവോവാദികള്‍ സമരസ്ഥലത്തെത്തിയത് എന്തിനാണെന്നും 'പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം' എന്നും പി മോഹനന്‍ ചോദിച്ചു. മാവോവാദികള്‍ ആരുവിളിച്ചിട്ടാണ് സമരസ്ഥലത്തെത്തിയതെന്ന് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇവരെ അറസ്റ്റ് ചെയ്ത് ഉടനെ വിട്ടയച്ചതില്‍ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചു. തീവ്രവാദികളുടെ താല്‍പര്യത്തിനും നിര്‍ദേശത്തിനുമനുസരിച്ച് ഇവിടെ കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നേതൃത്വം കളിക്കേണ്ടതുണ്ടേയെന്നും അവര്‍ ആലോചിക്കണമെന്നും പി മോഹനന്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യകണ്‌ഠ്യേന അംഗീകരിച്ച പദ്ധതിയാണിത്. പ്രദേശത്തെ ജനങ്ങളെ മാലിന്യത്തില്‍ നിന്നും മാറാരോഗത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളുടെ കൂടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എംകെ രാഘവന്‍ എംപി, കൊടുവള്ളി എംഎല്‍എ, എംകെ മുനീര്‍ എന്നിവര്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടത് രാഷ്ട്രീയലക്ഷ്യം മനസ്സില്‍വെച്ചാണെന്നും അത് ഇവിടെ നടക്കില്ലെന്നും പി മോഹനന്‍ പറഞ്ഞു. അതേസമയം, യോഗത്തിനെതിരെ സമരസമിതി പ്രതിഷേധിച്ചു. പൊതുയോഗം നടന്നത് റോഡ് പൂര്‍ണമായും അടച്ചിട്ടാണെന്നും സമിതി ആരോപിച്ചു.

STORY HIGHLIGHTS: P Mohanan again against the Avikkal strike

Next Story