Top

'പദവിയല്ല, നിലപാടാണ് അംഗീകരിക്കപ്പെടുന്നത്'; അതാണ് പ്രധാനമെന്ന് പി ജയരാജന്‍

ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തിയാണ് സിപിഐഎം സമ്മേളനങ്ങള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പ്രതികരിച്ചു.

5 March 2022 6:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പദവിയല്ല, നിലപാടാണ് അംഗീകരിക്കപ്പെടുന്നത്; അതാണ് പ്രധാനമെന്ന് പി ജയരാജന്‍
X

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരിക്കെ പ്രതികരണവുമായി പി ജയരാജന്‍. പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് സ്ഥാനമാനത്തിനല്ല ഓരോ പ്രവര്‍ത്തകന്റെയും നിലപാടിനാണ് അംഗീകാരം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഐഎം. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും നടത്തിയാണ് സിപിഐഎം സമ്മേളനങ്ങള്‍ നടക്കുന്നതെന്നും പി ജയരാജന്‍ പ്രതികരിച്ചു. പാമ്പന്‍ മാധവന്‍ അനുസ്മരണ സമ്മേളനത്തിടെയാണ് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

സിപിഐഎം വിമര്‍ശനവും സ്വയംവിമര്‍ശനവുമുള്ള ഏകപാര്‍ട്ടിയാണ്. തീരുമാനങ്ങള്‍ ആദ്യമേ തന്നെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ ഒളിഞ്ഞുനോട്ടം നടത്തുകയാണ്. തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുന്നത് അമ്മയും രണ്ട് മക്കളും ചേര്‍ന്നാണെന്നും പി ജയരാജന്‍ കുറ്റപ്പെടുത്തി.

പി ജയരാജനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇല്ലെങ്കിലും ജനഹൃദയങ്ങളിലാണ് പിജെയുടെ സ്ഥാനമെന്ന് റെഡ് ആര്‍മി ഫേസ്ബുക്ക് പേജില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. നേരത്തെ പിജെ ആര്‍മിയെന്ന പേരില്‍ സജീവമായിരുന്ന പേജാണ് പാര്‍ട്ടി ഇടപെടലില്‍ റെഡ് ആര്‍മിയെന്ന് പേര് മാറ്റിയത്. വ്യക്തികളെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് പി ജയരാജന് സിപിഐഎം അനുകൂലികള്‍ വീണ്ടും പരസ്യപിന്തുണ നല്‍കുന്നത്.

STORY HIGHLIGHTS: P jayarajan reaction on cpim and state secretariat

Next Story