Top

'ഉത്തരവിട്ടത് മദ്യവില്‍പന ശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍, എണ്ണം കൂട്ടാനല്ല'; സുധീരനോട് ഹൈക്കോടതി

ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു.

25 Nov 2021 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തരവിട്ടത് മദ്യവില്‍പന ശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍, എണ്ണം കൂട്ടാനല്ല; സുധീരനോട് ഹൈക്കോടതി
X

സംസ്ഥാനത്തെ മദ്യവില്‍പന ശാലകളുെട എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്ന് ഹൈകോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വിഎം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ മറുപടി.

മദ്യവില്‍പന ശാലകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യഷോപ്പുകള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു വിഎം സുധീരന്‍ ഹര്‍ജി നല്‍കിയത്.

മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് വിഷയത്തില്‍ കോടതി ഇടപെട്ട് മദ്യശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടത്. സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതി ലക്ഷ്യംവെച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കോടതി നിര്‍ദേശത്തിന്റെ മറവില്‍ 175 പുതിയ ഔട്‌ലെറ്റുകള്‍ തുറക്കാനാണ് ആലോചിക്കുന്നതെന്ന് വിഎം സുധീരന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വിഎം സുധീരന്റെ ഹര്‍ജി പരിഗണിക്കാനായി വീണ്ടും മാറ്റി.



Next Story

Popular Stories