'എല്ലാത്തിന്റെയും തുടക്കം എമ്പുരാനിൽ നിന്ന്'; ജെഎസ്കെ വിവാദത്തിൽ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി സുരേഷ് കുമാർ

എഎംഎംഎ, ഫെഫ്ക, നിര്‍മാതാക്കളുടെ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ നിവേദനമാണ് നല്‍കിയത്.

dot image

ന്യൂഡല്‍ഹി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കിയെന്ന് നിര്‍മാതാവ് ജി സുരേഷ് കുമാര്‍. എഎംഎംഎ, ഫെഫ്ക, നിര്‍മാതാക്കളുടെ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ നിവേദനമാണ് നല്‍കിയത്.

'സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെ വിഷയത്തില്‍ അമിത ജാഗ്രത കാണിക്കുന്നു. എല്ലാത്തിന്റെയും തുടക്കം എമ്പുരാനില്‍ നിന്നായിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ചിലര്‍ സെന്‍സില്ലാതെ പെരുമാറുന്നതാണ് പ്രശ്‌നം', സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നും പക്ഷേ അദ്ദേഹം പുറത്ത് പറയുന്നില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിസഭയുടെ ഭാഗമാണ് സുരേഷ് ഗോപിയെന്നും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങളൊക്കെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ജെഎസ്‌കെ സിനിമ ഹൈക്കോടതി കണ്ടു. ഇന്ന് രാവിലെ പത്ത് മണിക്ക് ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് കൊച്ചി പടമുകളിലെ സ്റ്റുഡിയോയിലെത്തിയാണ് സിനിമ കണ്ടത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജൂലൈ രണ്ടിന് നടന്ന വാദത്തിനിടയിലാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് ഹൈക്കോടതിയെത്തിയത്.

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. പിന്നാലെ വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിന്റെ തലക്കെട്ടിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ടെന്നായിരുന്നു കോടതിയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം.

Content Highlights: JSK Controversy Producer Suresh Kumar letter to Aswini Vyshnav

dot image
To advertise here,contact us
dot image