Top

സര്‍ക്കാരിന് തിരിച്ചടി ഭയമെന്ന് ഉമ്മന്‍ചാണ്ടി; 'അടിയന്തിരമായി പിന്മാറണം'

'സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്'

25 Jan 2022 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാരിന് തിരിച്ചടി ഭയമെന്ന് ഉമ്മന്‍ചാണ്ടി; അടിയന്തിരമായി പിന്മാറണം
X

ലോകായുക്തയില്‍ നിന്നു കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ റെയില്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരേ നിരവധി പരാതികള്‍ ലോകായുക്തയുടെ മുന്നില്‍ വന്നിരുന്നു. മടയില്‍ കനമില്ലാത്തതിനാല്‍ ആ പരാതികളെ നിയമനടപടികളിലൂടെയാണു നേരിട്ടത്. പരാതി നല്കിയാല്‍ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അഴിമതിക്കെതിരേ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സര്‍ക്കാരിന്റെ വകുപ്പാക്കി മാറ്റി ദുര്‍ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇപ്പോഴത് ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്തയുടെ പ്രവര്‍ത്തനം പേരിന് മാത്രമായിരിക്കും.

അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ ചുമതലകളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന വിധി ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ നല്‍കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഇതിലാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്. ഇത് പ്രകാരം ലോകായുക്ത വിധിയില്‍ അധികാരസ്ഥാനത്തുള്ളവര്‍ക്ക് ഒരു ഹിയറിംഗ് കൂടി നടത്തി വിധി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം.

2020 ഡിസംബറിലാണ് ലോകായുക്ത വിധിയില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ആഭ്യന്തര വകുപ്പിനോട് നിര്‍ദേശം നല്‍കിയത്. ആഭ്യന്തര വകുപ്പ് ഇത് നിയമവകുപ്പിന് കൈമാറുകയായിരുന്നു.

Next Story